പാനായിക്കുളം സിമി ക്യാമ്പ് കേസ്: അഞ്ച് പ്രതികൾ കുറ്റക്കാർ

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസിൽ ആദ്യ അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തി. ഈരാറ്റുപേട്ട നടക്കൽ പീടിയേക്കൽ വീട്ടിൽ പി.എ. ഷാദുലി, ഈരാറ്റുപേട്ട പേരകത്തുശ്ശേരി വീട്ടിൽ അബ്ദുൽ റാസിഖ്, ആലുവ കുഞ്ഞുനിക്കര പെരുന്തേലിൽ വീട്ടിൽ അൻസാർ നദ് വി, പാനായിക്കുളം ജാസ്മിൻ മൻസിലിൽ നിസാമുദ്ദീൻ, ഈരാറ്റുപേട്ട അമ്പഴത്തിങ്കൽ വീട്ടിൽ ഷമ്മി എന്ന ഷംനാസ് എന്നിവരെയാണ് കുറ്റക്കാരായി പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രൻ കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ നാളെ പ്രത്യേക കോടതി പ്രഖ്യാപിക്കും. മറ്റ് 11 പ്രതികളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെവിട്ടു.

കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുൽ റാസിഖ്, അൻസാർ നദ് വി എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീൻ, ഷംനാസ് എന്നിവർക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. പ്രായപൂർത്തിയാകാത്തതിനാൽ 13ാം പ്രതി സ്വാലിഹിന്‍റെ വിചാരണ കോട്ടയം ജുവനൈൽ കോടതിയിൽ നടക്കും.

11 പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ വിട്ടയക്കാൻ പ്രത്യേക കോടതി ഉത്തരവിട്ടത്. തൃശൂർ എറിയാട് കറുകപ്പാടത്ത് പുത്തൻവീട്ടിൽ ഷമീർ, എറിയാട് കടകത്തകത്ത് വീട്ടിൽ അബ്ദുൽ ഹക്കീം, ഉടുമ്പൻചോല പൂപ്പാറ മുണ്ടികുന്നേൽ നിസാർ, കോതമംഗലം പല്ലാരിമംഗലം ഉള്ളിയാട്ട് വീട്ടിൽ മുഹ് യിദ്ദീൻകുട്ടി എന്ന താഹ, പറവൂർ വയലക്കാട് കാട്ടിപറമ്പിൽ വീട്ടിൽ മുഹമ്മദ് നിസാർ, എറിയാട് ഇല്ലംതുരുത്തി വീട്ടിൽ അഷ്കർ, എറിയാട് എട്ടുതെങ്ങിൻ പറമ്പിൽ നിസാർ എന്ന മുഹമ്മദ് നിസാർ, പാനായിക്കുളം മാടത്തിൽ വീട്ടിൽ ഹാഷിം, തൃക്കാരിയൂർ ചിറ്റേത്തുകുടിയിൽ റിയാസ്, പെരുമ്പാവൂർ മുടിക്കൽ കൊല്ലംകുടിയിൽ മുഹമ്മദ് നൈസാം, ഉളിയന്നൂർ സ്വദേശി നിസാർ എന്നിവരെയാണ് വെറുതെവിട്ടത്.

2006ലെ സ്വാതന്ത്ര്യ ദിനത്തിൽ ‘സ്വാതന്ത്ര്യ ദിനത്തിൽ മുസ്ലിംകളുടെ പങ്ക്’ എന്ന പേരിൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടത്തിയ ചർച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യ യോഗമായിരുന്നുവെന്നാണ് കണ്ടെത്തൽ. വേദിയിലെ അഞ്ച് സിമി നേതാക്കളും സദസിലെ 13 പേരും അടക്കം 18 പേർ യോഗത്തിൽ പങ്കെടുത്തു. പൊലീസ് നടത്തിയ പരിശോധനയിൽ ഹാളിനുള്ളിൽ നിന്ന് ദേശവിരുദ്ധ ലേഖനങ്ങളും പുസ്തകങ്ങളും കണ്ടെടുക്കുകയും ചെയ്തു.

സംഭവത്തിൽ സിമി നേതാക്കൾക്കെതിരെ മാത്രം കേസെടുത്ത ബിനാനിപുരം പൊലീസ് 13 പേരെ വിട്ടയച്ചു. കേസ് ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം തലവൻ ഡി.വൈ.എസ്.പി ശശിധരൻ, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള 13 പേരെ കൂടി പ്രതിചേർത്തു. ക്യാമ്പിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് 13 പേർ എത്തിയതെന്നും വേദിയിൽ ഉണ്ടായിരുന്നവരെ സദസിലുള്ളവർ പ്രോത്സാഹിപ്പിച്ചെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

സിമി നേതാക്കളുടെ പ്രസംഗത്തിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിൽ സദസിലുള്ളവർക്ക് ഹാൾ വിട്ടു പുറത്തു പോകാമായിരുന്നെന്നും ഇത് ചെയ്യാത്തതിനാൽ 13 പേരുടെ പങ്ക് വ്യക്തമാണെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തപ്പോൾ പ്രതിയായിരുന്ന ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

രണ്ടുമാസം മുമ്പ് തന്നെ കേസിലെ വിധി പറയാൻ തീരുമാനിച്ചിരുന്നതാണെങ്കിലും 13ാം പ്രതിയായി വിചാരണ നേരിട്ട ഈരാറ്റുപേട്ട പുഴക്കരയിൽ വീട്ടിൽ സ്വാലിഹിന് പ്രായപൂർത്തിയായിട്ടില്ലെന്ന കണ്ടെത്തൽ തുടർനടപടികൾ അനിശ്ചിതത്വത്തിലാക്കി. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ സ്വാലിഹിന് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളുടെ വിചാരണ കോട്ടയം ജുവനൈൽ കോടതിയിലേക്ക് മാറ്റി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.