പിടിയിലായ മാവോവാദി നിരപരാധിയെന്ന് പൊലീസിന്‍റെ തുറന്നു പറച്ചിൽ

പാലക്കാട്: തങ്ങൾക്കുനേരെ വെടിവെപ്പ് നടത്തിയ മാവോവാദികളെ പിടികൂടാനുള്ള ആവേശത്തിൽ പൊലീസ് പിടികൂടിയ ആദിവാസി നിരപരാധിയെന്ന് പൊലീസിെൻറ തുറന്നുപറച്ചിൽ. അട്ടപ്പാടി പുതൂർ ആനക്കല്ല് പന്നിയൂർപ്പടി നഞ്ചെൻറ മകൻ അയ്യപ്പനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്യാതെ വിട്ടയക്കാൻ തീരുമാനിച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ട് എൻ. വിജയകുമാർ അറിയിച്ചു. ഇതോടെ അട്ടപ്പാടിയിൽനിന്ന് മാവോവാദി പിടിയിലായെന്ന് പറഞ്ഞ് വിവിധ കേന്ദ്രങ്ങൾ നടത്തിയ പ്രചാരണം പൊളിഞ്ഞു.

അട്ടപ്പാടിയിലെ കടുകുമണ്ണക്ക് സമീപം കഴിഞ്ഞ ഒക്ടോബർ 17ന് പൊലീസ് സംഘത്തിന് നേരെ മാവോവാദികളെന്ന് പറയപ്പെടുന്നവർ നിറയൊഴിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചുപേരെ പ്രതികളാക്കി രജിസ്റ്റർ ചെയ്ത കേസിൽ അയ്യപ്പനെയും ഉൾപ്പെടുത്തിയിരുന്നു. ഇയാളെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയും ചോദ്യംചെയ്യാൻ പാലക്കാട്ടേക്ക് കൊണ്ടുവരികയും ചെയ്ത പൊലീസ് സംഘം ഒടുവിൽ തെളിവില്ലെന്ന് പറഞ്ഞ് അയ്യപ്പനെ വെറുതെവിടാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടുമാസമായി മാവോവാദി സംഘത്തിൽനിന്ന് രക്ഷപ്പെടാൻ വനത്തിൽ ഒളിച്ചു താമസിക്കുകയായിരുന്നു താനെന്ന് അയ്യപ്പൻ പൊലീസിനോട് പറഞ്ഞു. ഏറ്റുമുട്ടലുമായി ഇയാൾക്ക് പങ്കില്ലെന്ന് ബോധ്യമായതായി സൂപ്രണ്ട് വ്യക്മാക്കി. അയ്യപ്പന് വേണ്ടിവന്നാൽ പൊലീസ് സംരക്ഷണം നൽകാനും തീരുമാനിച്ചു. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന അയ്യപ്പനെ കഴിഞ്ഞ മേയ് മാസത്തിൽ മാവോവാദികൾ തങ്ങളുടെ സഹായിയായി സംഘത്തിൽ ചേർക്കുകയായിരുന്നു.  
അട്ടപ്പാടിക്കാരായ മറ്റു രണ്ടുപേരെയും അയ്യപ്പനോടൊപ്പം ചേർത്തു. മാവോവാദികൾക്ക് ആവശ്യമായ സഹായം ചെയ്യാനാണ് ഇവരെ നിർബന്ധിച്ചത്.
നേരത്തേ ഇരട്ടക്കുഴൽ തോക്ക് കൈവശമുണ്ടായിരുന്ന അയ്യപ്പനെ ആധുനിക റിവോൾവർ ഉപയോഗിക്കാൻ മാവോവാദികൾ പരിശീലിപ്പിച്ചു.

കാട്ടിലൂടെ നടന്ന് മടുത്ത അയ്യപ്പൻ രണ്ട് മാസം മുമ്പ് മാവോവാദികളെ വെട്ടിച്ച് വനത്തിൽ കഴിയുകയായിരുന്നു. ഇടക്ക് വീട്ടിലെത്തിയ ഇയാളെ വീട്ടുകാരും വനത്തിൽ താമസിക്കാൻ പ്രേരിപ്പിച്ചു. മാവോവാദികളെയും പൊലീസിനെയും ഒരുപോലെ ഭയന്നായിരുന്നു ഇത്. കാട്ടിലെ അയ്യപ്പെൻറ സങ്കേതത്തിലേക്ക് വീട്ടുകാർ ഭക്ഷണമെത്തിക്കുകയും ചെയ്തിരുന്നു. കാര്യങ്ങളെല്ലാം പൊലീസിനോട് പറയണമെന്ന വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പാലക്കാട്ടേക്ക് വരും വഴിയാണ് മണ്ണാർക്കാട്ട് വെച്ച് പൊലീസ് അയ്യപ്പനെ പിടികൂടിയത്. ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമായെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ ഇരുപതോളം മവോവാദികൾ അട്ടപ്പാടി മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ചോദ്യംചെയ്തപ്പോൾ അയ്യപ്പനിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ആറുപേർ അടങ്ങുന്ന സംഘമായാണ് മാവോവാദികളുടെ സഞ്ചാരം. അയ്യപ്പനോടൊപ്പം മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ വയനാട് സോമൻ, വിക്രം ഗൗഢ എന്നിവരെ തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞുവെന്ന് അയ്യപ്പൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഈ സൂചനകൾ വെച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എൽ. സുനിലും പൊലീസ് സൂപ്രണ്ടിനോടൊപ്പം ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.