സമാന്തര പൊലീസ് സംവിധാനം അനുവദിക്കാനാവില്ലെന്ന് ഡി.ജി.പി

കൊച്ചി: അന്വേഷണത്തിലിരിക്കുന്ന കേസുകളെവരെ ബാധിക്കുന്ന സമാന്തര സ്വകാര്യ സംവിധാനങ്ങള്‍ അനുവദിക്കാനാകില്ളെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഹൈകോടതിക്ക് വിശദീകരണം നല്‍കി. ഹൈകോടതിക്ക് സമീപം റിട്ട. എസ്.പി സുനില്‍ജേക്കബ് നടത്തുന്ന സ്പൈ ഇന്‍വെസ്റ്റിഗേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍െറ മറവില്‍ സമാന്തര പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം.
ഇത്തരം സംവിധാനങ്ങളുമായി സേനാംഗങ്ങളെ ബന്ധപ്പെടുത്തുന്നത് പൊലീസ് സംവിധാനത്തിന്‍െറ വിശ്വാസ്യതയില്ലാതാക്കും. രഹസ്യങ്ങള്‍ ചോരാനും കേസുകള്‍ അട്ടിമറിക്കാനും ഇടയാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വിരമിച്ചശേഷം തനിക്കും കുടുംബത്തിനുമെതിരെ മധ്യമേഖല ഐ.ജിയായിരുന്ന അജിത്കുമാര്‍ പകപോക്കല്‍ നടത്തുന്നതായും സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തി ജീവിക്കുന്ന തന്നെ ഭീഷണിപ്പെടുത്തുന്നതായും ചൂണ്ടിക്കാട്ടി റിട്ട. എസ്.പി സുനില്‍ജേക്കബ് നല്‍കിയ ഹരജിയിലാണ് ഡി.ജി.പിയുടെ വിശദീകരണം.
സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സിയുടെ മറവില്‍ സമാന്തര പൊലീസ് പ്രവര്‍ത്തിക്കുന്നതായി നേരത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സത്യവാങ്മൂലം നല്‍കാന്‍ കോടതി ഡി.ജി.പിയോട് നിര്‍ദേശിക്കുകയായിരുന്നു.
ഹരജിക്കാരന്‍ നടത്തുന്ന സ്ഥാപനം സര്‍വിസിലുള്ള പൊലീസുകാരുടെ സഹായം തേടുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. വാഹന കൈമാറ്റ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇവര്‍ ഇടപെടുന്നതായി കണ്ടത്തെിയിട്ടുണ്ട്. ഹരജിക്കാരന്‍ പൊലീസ് സ്റ്റേഷനിലത്തെി മുന്‍ സഹപ്രവര്‍ത്തകരെ സ്വാധീനിച്ച് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. ഇതു സംബന്ധിച്ച് കോട്ടയം ക്രൈംബ്രാഞ്ച് എസ്. പി നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്നും കണ്ടത്തെി. ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കെതിരെ സ്ഥലംമാറ്റമുള്‍പ്പെടെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പൊലീസുമായുള്ള ബന്ധം പണം സമ്പാദിക്കാനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമായി ഹരജിക്കാരന്‍ ദുരുപയോഗം ചെയ്യുകയാണ്. ഐ.ജിക്കെതിരെ സുനില്‍ജേക്കബ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സര്‍വിസിലിരിക്കെ മോശം ട്രാക്ക് റെക്കോഡായിരുന്നു ഈ ഉദ്യോഗസ്ഥനുണ്ടായിരുന്നത്. രണ്ട് തവണ സര്‍വിസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും അച്ചടക്ക നടപടിക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. ഐ.ജി അജിത്കുമാറിനെതിരെ ഹരജിക്കാരന്‍ നല്‍കിയ പരാതി വിജിലന്‍സ്  അഡീ. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിന് കൈമാറി അന്വേഷണം നടത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ നിലനില്‍ക്കാത്തതും വസ്തുതാ വിരുദ്ധവുമാണ്.
ഐ.ജിക്ക് വ്യക്തിപരമായി ഹരജിക്കാരനോട് ശത്രുതയില്ളെന്നും സ്വതന്ത്രവും നീതിയുക്തവുമായാണ് ഐ.ജി പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.  
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മധ്യമേഖലാ ഐ.ജിയായിരുന്ന എം.ആര്‍. അജിത്കുമാര്‍ തന്നെയും കുടുംബത്തെയും തകര്‍ക്കാനും താറടിക്കാനും ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സുനില്‍ ജേക്കബ് ഹരജി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.