എടപ്പാളിൽ വാഹനാപകടം: ഹാൻഡ് ബാൾ താരങ്ങൾ അടക്കം നാലുപേർ മരിച്ചു

പൊന്നാനി: പൊന്നാനി-എടപ്പാള്‍ റൂട്ടിലെ ബിയ്യം ചെറിയ പാലത്തിന് സമീപം ടവേര കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് ഹാൻഡ് ബാൾ താരങ്ങൾ അടക്കം നാലുപേർ മരിച്ചു. വിദ്യാര്‍ഥികളായ അമൽ കൃഷ്ണൻ, സുധീഷ്, അതുൽ, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് ജീവനക്കാരന്‍ സേവ്യർ എന്നിവരാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. അമൽ പറവൂർ ടി.ഡി.ബി ഹൈസ്കൂളിലെയും സുധീഷ് തൃശൂർ എസ്.ആർ.വി സ്കൂളിലെയും അതുൽ ഫോർട്ട് കൊച്ചി സ്കൂളിലെയും വിദ്യാർഥികളാണ്.

എറണാകുളം ജില്ലാ ഹാൻഡ് ബാൾ ടീമംഗങ്ങളാണ് മരിച്ച വിദ്യാർഥികൾ. പരിക്കേറ്റ ടീമംഗം ബിജോയിയുടെ ബന്ധുവാണ് മരിച്ച സേവ്യർ. ഡ്രൈവർ സത്യൻ, കായിക താരങ്ങളായ റിസ് വാൻ, രാഹുൽ, മുഹമ്മദ് ഷമീർ എന്നിവരെ തൃശൂർ അമല ആശുപത്രിയിലും മരണപ്പെട്ട സേവ്യറിന്‍റെ മകൻ മെൽവിൻ, കായിക താരങ്ങളായ ബിജോയ്, സൂരജ് എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ബിജോയ്, രാഹുൽ, ഷമീർ എന്നിവരുെട നില ഗുരുതരമാണ്. 

തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ ജൂനിയർ ഗെയിംസിൽ പങ്കെടുത്ത ശേഷം എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു സംഘം. ചമ്രവട്ടത്ത് ബസ് ഇറങ്ങിയ വിദ്യാർഥികൾ ടീമംഗം ബിജോയിയുടെ ബന്ധുവായ സേവ്യറിന്‍റെ വീട്ടിലേക്ക് പോകുവാനാണ് കാറിൽ കയറിയത്. നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് 10 അടി താഴ്ചയിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.

കനത്ത മഴ കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. ഒരു മണിക്കൂറോളം നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹങ്ങളും പരിക്കേറ്റവരെയും വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.