കേരളത്തില്‍ വന്‍ നിക്ഷേപസാധ്യത –രവി പിള്ള

തിരുവനന്തപുരം: ഇന്ത്യയിലും കേരളത്തിലും വലിയതോതില്‍ നിക്ഷേപ സാധ്യതയാണുള്ളതെന്ന് വ്യവസായി രവി പിള്ള. നിക്ഷേപരംഗത്ത് ഏറ്റവും അധികം മാറ്റം ഉണ്ടാകാന്‍ പോകുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വലിയതോതിലെ നിക്ഷേപം നടത്താന്‍ പല രാജ്യങ്ങള്‍ക്ക് താല്‍പര്യമുണ്ട്. പല പ്രവാസി വ്യവസായികളും ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹോട്ടല്‍ അനുബന്ധ വ്യവസായമേഖലയിലും ഐ.ടി രംഗത്തും നിക്ഷേപം നടത്താനാണ് താന്‍ കൂടുതലായി ആഗ്രഹിക്കുന്നത്. കോഴിക്കോട്ട് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ സ്ഥാപിക്കും. 2016ല്‍ വലിയതോതില്‍ നിക്ഷേപം നടത്താനാണ് പദ്ധതി. സംസ്ഥാനത്ത് കരിമണല്‍ വ്യവസായരംഗത്ത് വലിയ സാധ്യതകളുണ്ട്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാല്‍ ഇത് വലിയ വിജയമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെട്ടാല്‍ ഈ രംഗത്ത് നിക്ഷേപം നടത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദ ഭീഷണി ഉള്‍പ്പെടെയുള്ളവ പൂര്‍വ മധ്യേഷ്യന്‍ രാജ്യങ്ങളിലെ നിക്ഷേപ സാധ്യതകളെ ബാധിക്കുന്നു. മോദി സര്‍ക്കാറിന്‍െറ ഭരണത്തിന്‍കീഴില്‍ വ്യാവസായിക നിക്ഷേപമേഖലകളിലെ അന്തരീക്ഷം മെച്ചപ്പെട്ടെന്ന് പറയാറായിട്ടില്ല. ഇത് തുടക്കം മാത്രമാണ്. നിക്ഷേപകര്‍ക്ക് ഇതുവരെ വിശ്വാസം വന്നിട്ടില്ല. കൊറിയ, ചൈന, ജപ്പാന്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ദുബൈയില്‍ 1.5 മില്യണ്‍ ഡോളറിന്‍െറ നിക്ഷേപമാണ് തന്‍െറ കമ്പനി ഇപ്പോള്‍ നടത്തുന്നത്. ഹോട്ടല്‍ സര്‍വിസ് അപ്പാര്‍ട്ടുമെന്‍റുകള്‍ നിര്‍മിക്കുന്നതിനാണിത്. ഇതിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഈ പദ്ധതി രണ്ട് വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാകും. കോവളം കൊട്ടാരത്തിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ വിവാഹത്തോടനുബന്ധിച്ച് പത്തുകോടി രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് രവി പിള്ള പറഞ്ഞു. നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധിപന്മാരും കമ്പനി സി.ഇ.ഒമാരും വിവാഹത്തിനായി കേരളത്തിലത്തെും. ഇവര്‍ കേരളത്തില്‍ ഒരാഴ്ച തങ്ങുന്നത് കേരളത്തിന്‍െറ വ്യവസായ, നിക്ഷേപ സാധ്യതകള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പദ്ധതികളുടെ സഹായവിതരണം ഈ മാസം 21ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. ‘കാരുണ്യരവം’ പദ്ധതികളുടെ ആദ്യസഹായവിതരണം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും വിവിധ രോഗങ്ങളാല്‍ അവശതയനുഭവിക്കുന്നവര്‍ക്കുള്ള സഹായവിതരണവും ഉന്നതവിദ്യാഭ്യാസ സഹായത്തിന്‍െറ ആദ്യ വിതരണവും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.