കൂലി കൂട്ടാനാവില്ലെന്ന വാദം കൂടുതൽ ഇളവ് നേടാനുള്ള തോട്ടം ഉടമകളുടെ തന്ത്രം

പത്തനംതിട്ട: തൊഴിലാളികളുടെ കൂലി കൂട്ടാനാവില്ലെന്ന തോട്ടം ഉടമകളുടെ വാദം സർക്കാറിനെ സമ്മർദത്തിലാക്കി കൂടുതൽ ഇളവുകൾ നേടാനുള്ള തന്ത്രം. തോട്ടം മേഖലയിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ദക്ഷിണേന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായ യുനൈറ്റഡ് പ്ലാേൻറഴ്സ് അസോസിയേഷൻ ഓഫ് സൗത് ഇന്ത്യ (ഉപാസി) ദീർഘനാളായി ആവശ്യപ്പെടുന്നുണ്ട്. മൂന്നാർ സമരസമയത്ത് കൂലി കൂട്ടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ അവസരമാക്കി തങ്ങളുടെ ആവശ്യം നേടാമെന്ന് അവർ കണക്കുകൂട്ടിയിരുന്നു.

ചർച്ചകളിൽ തോട്ടം ഉടമകൾ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അത് പരിഗണിക്കാതെയാണ് അന്ന് കൂലി കൂട്ടാൻ ധാരണയായത്. ജീവനക്കാരുടെ വേതനം, മറ്റ് ആനുകൂല്യങ്ങൾ, ലയങ്ങളുടെ പുനരുദ്ധാരണം, തോട്ടം ഉൽപന്നങ്ങൾക്ക് നികുതിയിളവ് തുടങ്ങിയ ആനുകൂല്യങ്ങൾ നേടാമെന്ന് സമരസമയത്ത് തോട്ടം ഉടമകൾ പ്രതീക്ഷിച്ചിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. തോട്ടം ഉടമകൾ നിരത്തുന്ന നഷ്ടത്തിെൻറയും പ്രതിസന്ധിയുടെയും കണക്കുകൾ കള്ളമാണെന്ന് സമരസമയത്ത് തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ തെളിവുസഹിതം വെളിപ്പെടുത്തിയിരുന്നു.

റബർ ഉൽപന്നങ്ങൾ, തേയില, ഏലം എന്നിവക്ക് വിപണിയിൽ തീവില ഉള്ളപ്പോൾ തോട്ടം മേഖല പ്രതിസന്ധിയിലാണെന്ന് വരുത്തുന്നതിനുപിന്നിലെ കള്ളക്കളികൾ അന്ന് വ്യക്തമായിരുന്നു. തോട്ടം മേഖലയിലെ കമ്പനികൾ ഭൂരിഭാഗവും ഭൂമി കൈവശം വെക്കുന്നത് അനധികൃതമായാണ്. ഹാരിസൺസ് മലയാളം ഭൂമി ഏറ്റെടുത്തതിനുപിന്നാലെ ടാറ്റ അടക്കം മറ്റ് തോട്ടം ഉടമകളുടെ ഭൂമിയും ഏറ്റെടുക്കാൻ നടപടികൾ നടന്നുവരുന്നുണ്ട്. അതിൽനിന്ന് സർക്കാറിനെ പിന്തിരിപ്പിക്കലും തോട്ടം ഉടമകളുടെ ഇപ്പോഴത്തെ ചുവടുമാറ്റത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.

കൂലി വർധിപ്പിക്കാനാകില്ലെന്നുപറഞ്ഞാൽ തൊഴിലാളികൾ സമരത്തിനിറങ്ങും. അതോടെ തോട്ടം മേഖലയിൽ ലോക്കൗട്ട് പ്രഖ്യാപിക്കാൻ ഉടമകൾക്ക് കഴിയും. പ്രതിസന്ധി തരണം ചെയ്യാൻ വിട്ടുവീഴ്ചക്ക് സർക്കാർ തയാറാകും. അതോടെ സർക്കാർ ധനസഹായവും അനധികൃതമായി ഭൂമി കൈവശം വെക്കുന്നതിന് എതിരായ നടപടികളിൽനിന്ന് ഇളവും നേടാനാകുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടലെന്നാണ് തോട്ടം മേഖലയിലെ സംഘടനകൾ പറയുന്നത്.

ആഗോളവത്കരണം വന്നതോടെ പ്രതിസന്ധിയുടെ കണക്കുകൾ നിരത്തുന്ന വൻകിട കോർപറേറ്റ് കമ്പനികൾക്ക് വൻതോതിൽ സർക്കാർ സഹായം ലഭ്യമാക്കുന്നത് പതിവായിരിക്കുകയാണെന്ന് തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകനായ ജോൺ പെരുവന്താനം ‘മാധ്യമ’ത്തോട് പറഞ്ഞു. ഗാട്ട് കരാറിലെ വ്യവസ്ഥയനുസരിച്ചാണ് നഷ്ടക്കണക്ക് നിരത്തുന്ന കമ്പനികൾക്ക് സർക്കാർ സഹായം നൽകുന്നത്. തോട്ടം മേഖലയിലും അത് നടപ്പാക്കാനുള്ള തന്ത്രമാണ് കമ്പനികൾ ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.