കണ്ണൂര്‍ കോര്‍പറേഷന്‍: ചര്‍ച്ച നീളുന്നതില്‍ ലീഗിന് അതൃപ്തി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ ഭരണം  സ്വന്തമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ലീഗ് നേതൃത്വം ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും കെ. സുധാകരനെയും സന്ദര്‍ശിച്ചു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതല്ലാതെ മുന്നണിയിലെ പ്രധാന കക്ഷിയായ ലീഗിന്‍െറ നിലപാട് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാകാത്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.ലീഗിനെ ചര്‍ച്ചക്കു ക്ഷണിക്കാതിരുന്നതു സംബന്ധിച്ചും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, വി.പി. വമ്പന്‍ എന്നിവര്‍ ആശങ്ക പങ്കുവെച്ചു.

കോര്‍പറേഷന്‍ ഭരണം യു.ഡി.എഫിന് ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസ് വിതമന്‍ പി.കെ. രാഗേഷിന്‍െറ പിന്തുണ വേണം. എന്നാല്‍, രാഗേഷ് ഉന്നയിച്ച ആവശ്യങ്ങളില്‍ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. കെ.പി.സി.സി ഉപസമിതിയില്‍ തന്നെ ഇതുസംബന്ധിച്ച് അനൈക്യം നിലവിലുണ്ട്.രാഗേഷിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള ആളെന്ന നിലയില്‍ പി. രാമകൃഷ്ണന്‍ സജീവമായിരുന്നുവെങ്കിലും വിവാദ പ്രസ്താവനക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റിന്‍െറ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതോടെ ഇദ്ദേഹത്തിന്‍െറ ഇടപെടല്‍ കുറഞ്ഞു. രാഗേഷിനെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച ചര്‍ച്ച നീളുന്നത് തങ്ങളുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നതിനാലാണ് ലീഗ് നേതാക്കള്‍ മുന്‍കൈയെടുത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ കണ്ടത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനവും പകുതി കാലയളവില്‍ മേയര്‍ സ്ഥാനവും എന്ന പാര്‍ട്ടി കോര്‍പറേഷന്‍ കമ്മിറ്റി യോഗത്തിന്‍െറ തീരുമാനം ഇവര്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

വിമതന്‍െറ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച നീളുന്നത് വിലപേശലിന് അവസരമില്ലാതാക്കുമെന്നും ഇത് തന്ത്രത്തിന്‍െറ ഭാഗമാണെന്നും ലീഗ് നേതാക്കള്‍ കരുതുന്നു. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പു മുതല്‍ക്കുതന്നെ മുമ്പുണ്ടായിട്ടില്ലാത്ത വിധം അവിശ്വാസം ഇരുകൂട്ടര്‍ക്കുമിടയിലുണ്ട്. തങ്ങളുടെ പ്രധാന സ്ഥാനാര്‍ഥികളുടെ പരാജയത്തിന് പിറകില്‍ കോണ്‍ഗ്രസാണെന്ന് ലീഗ് നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തില്‍ മുന്നറിയിപ്പെന്ന നിലയിലാണ് ലീഗ് നേതൃത്വത്തിന്‍െറ ഇന്നലത്തെ സന്ദര്‍ശനം.

അതിനിടെ, പി.കെ രാഗേഷുമായുള്ള ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്‍െറ  ആത്മവിശ്വാസം കുറഞ്ഞിട്ടുണ്ട്. തന്‍െറ നിലപാടുകള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അനുകൂലമായി നിലപാടെടുക്കാത്തത് രാഗേഷിന്‍െറ ക്യാമ്പിനെയും അസ്വസ്ഥമാക്കിയിട്ടുണ്ട്.
എല്‍.ഡി.എഫിന് പിന്തുണ നല്‍കുന്നതു സംബന്ധിച്ച് രാഗേഷിനെ പിന്തുണക്കുന്നവര്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടതായാണ് അറിവ്. ഇന്ന് എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി നടക്കുന്ന ചര്‍ച്ച രാഗേഷിന്‍െറ ഭാവി തീരുമാനിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.