കോട്ടയം: കെ.എം. മാണിയുടെ രാജിയെതുടര്‍ന്ന് കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്. തനിക്കൊപ്പം മന്ത്രി പി.ജെ. ജോസഫിനെക്കൂടി രാജിവെപ്പിക്കുക എന്നതായിരുന്നു അവസാന നിമിഷം വരെ മാണി പയറ്റിയ രാഷ്ട്രീയ തന്ത്രം.
കൂട്ടായ രാജിയിലൂടെ കോണ്‍ഗ്രസിനെ വരുതിയിലാക്കുക, പാര്‍ട്ടിയില്‍ അപ്രമാദിത്വം നിലനിര്‍ത്തുക എന്നതായിരുന്നു മാണിയുടെ ലക്ഷ്യം. ഇതിന് ചീഫ്വിപ്പ് തോമസ് ഉണ്ണിയാടനെ രാജിവെപ്പിക്കാന്‍ മാണി ശ്രമിച്ചു. ഉണ്ണിയാടന്‍ തയാറായെങ്കിലും പി.ജെ. ജോസഫ് അതിന് വഴങ്ങിയില്ല.
ഒടുവില്‍ മാണിയോട് കൂറ് പ്രകടിപ്പിച്ച് ഉണ്ണിയാടന്‍ രാജിവെച്ചിട്ടും ജോസഫിന്‍െറ മനസ്സിളക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ജോസഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സഭാ നേതാക്കളെവരെ വിഷയത്തില്‍ ഇടപെടുവിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ളെന്ന് പാര്‍ട്ടിയിലെ പ്രമുഖര്‍ വെളിപ്പെടുത്തി. മന്ത്രിസ്ഥാനം ഒഴിയുന്നതോടെ പാര്‍ട്ടിയില്‍ ജോസഫും ഗ്രൂപ്പും ശക്തരാകുമെന്നും താനും മകന്‍ ജോസ് കെ. മാണിയും അടുത്ത വിശ്വസ്തരും ഒറ്റപ്പെടുമെന്നുമുള്ള കടുത്ത ആശങ്കയായിരുന്നു ഈ നീക്കത്തിന് മാണിയെ പ്രേരിപ്പിച്ചത്. ഒപ്പംനിന്ന രണ്ട് എം.എല്‍.എമാര്‍ ജോസഫ് പക്ഷത്തിന് അനുകൂലമായി സംസാരിച്ചതും മാണിയെ ഞെട്ടിച്ചു. കോട്ടയം ജില്ലയില്‍ നിന്നുള്ളവരായിരുന്നു ഇവരെന്നാണ് മാണി ഗ്രൂപ് നേതാക്കള്‍ നല്‍കുന്ന വിവരം.
മന്ത്രിസ്ഥാനം ഒഴിയുന്നതോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് നേതാക്കള്‍ ധരിപ്പിച്ചതോടെയാണ് രാജിയില്ളെന്ന നിലപാടില്‍ ഒരുവേള മാണി എത്തിച്ചേര്‍ന്നത്. രാജിയെന്ന കടുത്ത തീരുമാനം എടുക്കരുതെന്ന മുഖ്യമന്ത്രിയുടെയും ഘടകകക്ഷി നേതാക്കളുടെയും അഭ്യര്‍ഥന ജോസഫ് ഉള്‍ക്കൊണ്ടതും മാണിക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ യു.ഡി.എഫ് സംവിധാനം തകര്‍ത്ത് മാണിക്കൊപ്പം രാജിവെക്കാന്‍ തയാറല്ളെന്ന് ജോസഫും കൂട്ടരും തുറന്നടിച്ചതും മാണിയെ ഒറ്റപ്പെടുത്തി. മാണിയുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് ജോസഫ് വഴങ്ങുന്ന സാഹചര്യം ഇടക്ക് ഉണ്ടായപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജും പി.സി. ജോസഫും ഉള്‍പ്പെടുന്ന പ്രമുഖര്‍ നടത്തിയ നാടകീയ നീക്കങ്ങളും ഇതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു.
പാര്‍ട്ടിയിലെ ഏതാനും എം.എല്‍.എമാരെ ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും ചേര്‍ന്ന് വരുതിയിലാക്കാന്‍ നടത്തിയ നീക്കങ്ങളും വിജയിച്ചു. ഇടതുമുന്നണിയില്‍ പോലും സാധ്യതയില്ലാതിരിക്കെ യു.ഡി.എഫില്‍നിന്ന് പുറത്തുപോയാല്‍ രാഷ്ട്രീയ ഭാവിതന്നെ ഇല്ലാതാകുമെന്നും ചിലര്‍ മാണിയോട് ചൂണ്ടിക്കാട്ടി. ഭരണകാലാവധി പൂര്‍ത്തിയാക്കാന്‍ ഏത് തന്ത്രവും പയറ്റാന്‍ മുഖ്യമന്ത്രിയും ഘടകകക്ഷി നേതാക്കളും രംഗത്തിറങ്ങിയതും മാണിയെ ദുര്‍ബലനാക്കി. ഗത്യന്തരമില്ലാതെ കോണ്‍ഗ്രസിന് കീഴടങ്ങാന്‍ മാണി നിര്‍ബന്ധിതനായി.
ഉമ്മന്‍ ചാണ്ടിക്കുവേണ്ടി കളത്തിലിറങ്ങിയത് മന്ത്രി കെ.സി. ജോസഫാണ്. തനിക്കൊപ്പം കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ബാബുവിനെയും രാജിവെപ്പിക്കാനും മാണി നീക്കം നടത്തി. എന്നാല്‍, എല്ലാ നീക്കങ്ങളും ഒപ്പം നിന്നവര്‍ തന്നെ തകര്‍ത്തതില്‍ മാണി ദു$ഖിതനാണ്. മാണിയും ജോസഫും വേര്‍പിരിയുന്നതോടെ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.