തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം ജില്ലകളിലൂടെ

തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി.എഫ്; കോര്‍പറേഷനില്‍ ബി.ജെ.പി മുന്നേറ്റം

തലസ്ഥാനത്തെ ഗ്രാമ-ബ്ളോക്-ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ് മുന്നേറ്റം. തിരുവനന്തപുരം കോര്‍പറേഷനില്‍ 43 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. 35 സീറ്റ് നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. എന്നാല്‍, യു.ഡി.എഫിന് 21 സീറ്റുകളും ലഭിച്ചു. ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലികളില്‍ എല്‍.ഡി.എഫ് മേല്‍ക്കൈ നേടി. 73 ഗ്രാമപഞ്ചായത്തുകളില്‍ 47 പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പം നിന്നു. 18 ഇടത്ത് യു.ഡി.എഫും മൂന്നിടത്ത് ബി.ജെ.പിയും വിജയിച്ചു. 11 ബ്ളോക് പഞ്ചായത്തുകളില്‍ ഒമ്പതും കരസ്ഥമാക്കി എല്‍.ഡി.എഫ് ആധിപത്യം ഉറപ്പിച്ചു.  ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനില്‍ 19ഉം നേടി എല്‍.ഡി.എഫ് ഭരണം പിടിച്ചു.

വീണ്ടും ചുവപ്പ് പുതുച്ച് കൊല്ലം

 തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ പ്രകടനം ദയനീയമായപ്പോള്‍ കൊല്ലം  വീണ്ടും ചുവപ്പ് പുതുച്ചു. ആര്‍.എസ്.പിക്കും കേരള കോണ്‍ഗ്രസ്-ബിക്കും ഏറ്റ തിരിച്ചടിയും ബി.ജെ.പിയുടെ മുന്നേറ്റവും ഈ തെരഞ്ഞെടുപ്പിലെ വിശേഷങ്ങള്‍.കൊല്ലം കോര്‍പ്പറേഷനില്‍ നാലാമൂഴത്തില്‍  36 സീറ്റ്  ഇടതു മുന്നണി നിലനിര്‍ത്തി. 16 ഇടത്ത് യു.ഡി.എഫും.  രണ്ടിടത്തെ വിജയത്തോടെ ബി.ജെ.പിയും ഒരു സീറ്റുമായി എസ്.ഡി.പി.ഐയും അക്കൗണ്ട് തുറന്നു.

ജില്ലാ പഞ്ചായത്തില്‍ 22 സീറ്റുകള്‍ ഇടതു മുന്നണി നേടിയപ്പോള്‍ നാലിടത്താണ് യു.ഡി.എഫ് ജയിച്ചത്. ജില്ലയിലെ നാലു നഗരസഭകളും ഇടതു പക്ഷം സ്വന്തമാക്കി. യു.ഡി.എഫ് പക്ഷത്തായിരുന്ന കരുനാഗപ്പള്ളിയും പുതുതതായി രൂപീകരിച്ച കൊട്ടാരക്കരയും ഇടത്തോട്ട് ചാഞ്ഞു. പരവൂര്‍, പുനലൂര്‍ മുനിസിപ്പാലിറ്റികളം ഇടതുപക്ഷം നിലനിര്‍ത്തി.

68 ഗ്രാമ പഞ്ചായത്തുകളില്‍ 54 ഇടത്ത് ഇടതു മുന്നണിക്ക് ഭൂരിപക്ഷമുണ്ട്. ആറിടത്താണ് യു.ഡി.എഫ്. എട്ടിടത്ത് ഭരണം ആര്‍ക്കെന്ന് സ്വതന്ത്രര്‍ നിശ്ചയിക്കും. 11 ബ്ളോക്ക് പഞ്ചായത്തുകളും എല്‍.ഡി.എഫ് തൂത്തുവാരി.

കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ളക്ക് സ്വന്തം തട്ടകമായ കൊട്ടാരക്കരയില്‍  കാലിടറി. മല്‍സരിച്ച എട്ടു സ്ഥാനാര്‍ഥികളില്‍ രണ്ടു പേരൊഴികെയുള്ളവര്‍ പരാജയപ്പെട്ടു.

പത്തനംതിട്ടയില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം

ജില്ലയില്‍ യു.ഡി.എഫ് നേടിയത് തിളക്കമാര്‍ന്ന വിജയം. ജില്ലാ പഞ്ചായത്ത്  യു.ഡി.എഫിനൊപ്പമാണ്. 16 അംഗ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് -11, എല്‍.ഡി.എഫ് -5 എന്നിങ്ങനെയാണ്  കക്ഷി നില.ജില്ലയിലെ നാല് നഗരസഭകളില്‍ പത്തനംതിട്ടയും തിരുവല്ലയും യു.ഡി.എഫ് നേടി. പന്തളത്തും അടൂരിലും തൂക്കുസഭയാണ്. രണ്ടിടത്തും എല്‍.ഡി.എഫാണ് വലിയ ഒറ്റക്കക്ഷി.

എട്ട് ബ്ളോക്കു പഞ്ചായത്തുകളില്‍ അഞ്ചിടത്തും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. പന്തളം, പറക്കോട്, റാന്നി ബ്ളോക്കുകളാണ് എല്‍.ഡി.എഫിന് ലഭിച്ചത്.

അതേസമയം 53 ഗ്രാമ പഞ്ചായത്തുകളില്‍ കുടുതല്‍ സ്ഥലത്ത് ഭരണം ഉറപ്പിച്ചത് യു.ഡി.എഫാണ്. കുളനട, കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍  ബി.ജെ.പിക്കായി.

ആലപ്പുഴ: പഞ്ചായത്തുകളില്‍ ഇടത് മുന്നേറ്റം; നഗരസഭകളില്‍ യു.ഡി.എഫ്, ബി.ജെ.പി നേട്ടം

ആലപ്പുഴയില്‍ ഗ്രാമ-ബ്ളോക് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് വ്യക്തമായ മുന്നേറ്റം. ആറ്  നഗരസഭകളില്‍ നാലിടത്ത് യു.ഡി.എഫിനും ജയം. ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ എന്നീ നഗരസഭകളാണ് യു.ഡി.എഫ് ഭരണത്തിലാകുന്നത്. കായംകുളം, മാവേലിക്കര നഗരസഭകളില്‍ കക്ഷിനിലയില്‍ മുന്നില്‍ ഇടതുമുന്നണിയാണ്. ഈ രണ്ടിടത്തും യു.ഡി.എഫ്, ബി.ജെ.പി സഖ്യം ഉണ്ടായില്ളെങ്കില്‍ ഇടതുമുന്നണി തന്നെ അധികാരത്തിലത്തെും.

12 ല്‍ ഒമ്പത് ബ്ളോക്കുകളും 72 ഗ്രാമപഞ്ചായത്തുകളില്‍ 46 എണ്ണവും ഇടതുമുന്നണി കരസ്ഥമാക്കി. യു.ഡി.എഫിന്‍െറ കൈയില്‍ നിന്ന് പലതും തിരിച്ചുപിടിക്കുകയും ചെയ്തു. എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യമുണ്ടായിട്ടും ആലപ്പുഴയില്‍ എല്‍.ഡി.എഫിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. നഗരസഭകളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മാവേലിക്കരയില്‍ ഒമ്പത്, കായംകുളത്ത് ഏഴ്, ചെങ്ങന്നൂരില്‍ ആറ്, ആലപ്പുഴയില്‍ നാല് , ഹരിപ്പാട് ഒന്ന് എന്നിങ്ങനെയാണ് നഗരസഭകളിലെ ബി.ജെ.പി പ്രാതിനിധ്യം.

കോട്ടയത്ത് നഷ്ടമില്ലാതെ മാണി ഗ്രൂപ്പ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കാര്യമായ നഷ്ടമില്ലാതെ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. ബാര്‍ കോഴക്കേസിലെ കോടതി വിധി യു.ഡി.എഫിന് മൊത്തത്തില്‍ തിരിച്ചടിയായപ്പോള്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയതുമില്ല.

പാലാ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സൗഹൃദ മത്സരം നടത്തിയ പഞ്ചായത്തുകളിലും വിജയം കേരളാ കോണ്‍ഗ്രസിന്. ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞു. ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി അംഗസംഖ്യ നാലില്‍ നിന്ന് എട്ടായി. കോട്ടയം ജില്ലയില്‍  കഴിഞ്ഞ തവണ 13 ഗ്രാമപഞ്ചായത്തുകള്‍ ഉണ്ടായിരുന്ന ഇടതുമുന്നണി ഇത്തവണ എണ്ണം 23 ആക്കി വര്‍ധിപ്പിച്ചു.

തൊടുപുഴയിലും കട്ടപ്പനയിലും ആര്‍ക്കും കേവല ഭൂരിപക്ഷമില്ല

ഇടുക്കി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫ് മേധാവിത്തം നിലനിര്‍ത്തിയപ്പോള്‍ നഗരസഭയായ തൊടുപുഴയിലും കട്ടപ്പനയിലും ആര്‍ക്കും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. 52 ഗ്രാമപഞ്ചായത്തുകളില്‍ 28 എണ്ണത്തില്‍ യു.ഡി.എഫ് മേല്‍ക്കൈ നേടി. 22 പഞ്ചായത്തുകള്‍ എല്‍.ഡി.എഫും നേടി.

ജില്ലയിലെ എട്ട് ബ്ളോക്കില്‍ ഏഴിടത്തും യു.ഡി.എഫിന് മേല്‍കൈ നേടാനായി. ഒരിടത്ത് സ്വതന്ത്രരും വിജയിച്ചു. ജില്ലാ പഞ്ചായത്തിലും യു.ഡി.എഫ് മേധാവിത്തം ഉറപ്പിച്ചു.

കൊച്ചിയില്‍ നഗരസഭകളില്‍ യു.ഡി.എഫിന് മുന്‍തൂക്കം

കൊച്ചിയില്‍ നഗരസഭകളില്‍ യു.ഡി.എഫിന് മുന്‍ തൂക്കം. കൊച്ചി കോര്‍പറേഷനും 13 നഗരസഭകളില്‍ അഞ്ചെണ്ണവും യു.ഡി.എഫിന് തനിച്ച് ഭരിക്കാനാവും.  മരട്, കൂത്താട്ടുകുളം, തൃക്കാക്കര നഗരസഭകളില്‍ യു.ഡി.എഫിന് വിമതരുടെ സഹായം വേണ്ടിവരും. അഞ്ച് നഗരസഭകളില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചു.  മുവാറ്റുപുഴ, അങ്കമാലി, തൃപ്പൂണിത്തുറ, ഏലൂര്‍, പെരുമ്പാവൂര്‍ നഗരസഭകളിലാണ് ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയത്. ജില്ലാ പഞ്ചായത്ത് ഭരണവും യു.ഡി.എഫിന് ലഭിച്ചു.

തൃശൂരിലെ നഗരസഭകളില്‍ യു.ഡി.എഫിന് ഭൂരിപക്ഷമില്ല; കോര്‍പറേഷനും നഷ്ടമായി

ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഇടത് മുന്നേറ്റം. തൃശൂര്‍ കോര്‍പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 46 സീറ്റുമായി കഴിഞ്ഞ തവണ കോര്‍പറേഷന്‍ ഭരിച്ച യു.ഡി.എഫ് 21ലേക്ക് ഒതുങ്ങിയപ്പോള്‍ എല്‍.ഡി.എഫ് ഏഴില്‍നിന്ന് 23ലേക്ക് ഉയര്‍ന്നു. ബി.ജെ.പിയുടെ അംഗബലം രണ്ടില്‍നിന്ന് ആറായപ്പോള്‍ സ്വതന്ത്രര്‍ അഞ്ച് പേര്‍ ജയിച്ചിട്ടുണ്ട്. ഏഴ് നഗരസഭകളില്‍ ഒന്നില്‍പ്പോലും യു.ഡി.എഫിന് ഭരണം കിട്ടിയില്ല.  

  • യു.ഡി.എഫ് ഭരിച്ച ചാലക്കുടി, ഇരിങ്ങാലക്കുട നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
  • ബി.ജെ.പി, ആര്‍.എം.പി എന്നിവയുമായി ചേര്‍ന്ന് കഴിഞ്ഞ തവണ യു.ഡി.എഫ് ഭരിച്ച കുന്നംകുളം നഗരസഭയില്‍ ഇത്തവണയും എല്‍.ഡി.എഫാണ് വലിയ മുന്നണി. അതേസമയം, ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയിട്ടില്ല.
  • ഗുരുവായൂര്‍ നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. യു.ഡി.എഫ് നില മെച്ചപ്പെടുത്തിയ ഇവിടെ തൂക്കു സഭയാണ്.
  •  പുതിയതായി രൂപവത്കരിച്ച വടക്കാഞ്ചേരി നഗരസഭാ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു.
  • ചാവക്കാട്ടും കൊടുങ്ങല്ലൂരിലും എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. കൊടുങ്ങല്ലൂരില്‍ 16 സീറ്റുമായി ബി.ജെ.പി പ്രതിപക്ഷ ശക്തിയായി.
  • ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു. 29 ഡിവിഷനുകളില്‍ 20  എല്‍.ഡി.എഫ് നേടി. കഴിഞ്ഞ തവണഎല്‍.ഡി.എഫിന് 12 സീറ്റാണ് ഉണ്ടായിരുന്നത്. ബ്ളോക്ക് പഞ്ചായത്തകളിലും യു.ഡി.എഫിന് ആധിപത്യം നഷ്ടമായി.

86 ഗ്രാമപഞ്ചായത്തുകളില്‍ മഹാഭൂരിപക്ഷം എല്‍.ഡി.എഫ് നേടി. കഴിഞ്ഞ തവണ 55 പഞ്ചായത്തുകളില്‍ ഭരണം നേടിയ യു.ഡി.എഫിന് ഇത്തവണ 19 എണ്ണമാണ് കിട്ടിയത്. എല്‍.ഡി.എഫിന് 66 പഞ്ചായത്തുകളില്‍ ഭരണം നേടാനായി. ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായ ഒരിടത്ത് ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.

പാലക്കാട് എല്‍.ഡി.എഫിന് മേല്‍ക്കൈ

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. 88 ഗ്രാമപഞ്ചായത്തുകളില്‍ 70 എണ്ണം എല്‍.ഡി.എഫും 17 എണ്ണം യു.ഡി.എഫും മറ്റുള്ളവര്‍ ഒരു സീറ്റും നേടി. 13 ബ്ളോക്കില്‍ 11 എണ്ണം എല്‍.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും നേടി. ഏഴ് മുനിസിപ്പാലികളില്‍ എല്‍.ഡി.ഫും യു.ഡി.എഫും മൂന്നിടത്തും ഒരിടത്ത് ബി.ജെ.പിയും നേട്ടം കൈവരിച്ചു. 30 അംഗ ജില്ലാ പഞ്ചായത്തില്‍ 27 ഇടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും പിടിച്ചു.


മലപ്പുറത്ത് യു.ഡി.ഫിന് നേട്ടം

മലപ്പുറം: ലീഗ് കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളലുണ്ടായ മലപ്പുറം ജില്ലയില്‍ ഫലം പുറത്ത് വന്നപ്പോള്‍ യു.ഡി.എഫ് തന്നെ നേട്ടം കൊയ്തു. ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. 12  മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫ്   ഒമ്പതും എല്‍.ഡി.എഫ്  മൂന്നും നേടി.  കോണ്‍ഗ്രസിനെ കൂടാതെ ലീഗ് ഒറ്റക്ക് മത്സരിച്ച  പലസ്ഥലങ്ങളിലും ലീഗിന് തിരിച്ചടി നേരിട്ടു. കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് -സി.പി.എം മതേതര മുന്നണിയോട് മത്സരിച്ച ലീഗ് പരാജയപ്പെട്ടു.  
ബ്ളോക്ക് പഞ്ചായത്തുകളില്‍ 13 എണ്ണം യു.ഡി.എ.ഫും 2 എണ്ണം എല്‍.ഡി.എഫും നേടി.  ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫ് മുന്നില്‍.


കോഴിക്കോട്ട് എല്‍.ഡി.എഫിന്‍െറ ആധിപത്യം

ഇടതുപക്ഷത്തെ കാലാകാലത്തും കാത്ത കോഴിക്കോട് ജില്ല ഇത്തവണയും എല്‍.ഡി.എഫിനെ കൈവിട്ടില്ല. കോര്‍പറേഷനിലും മുനിസിപ്പാലിറ്റിയിലും ജില്ലാ പഞ്ചായത്തിലും  േബ്ളാക്ക്,ഗ്രാമ പഞ്ചായത്തുകളിലും എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ചു.

 75 സീറ്റുകളുള്ള കോഴിക്കോട് കോര്‍പറേഷനില്‍ 47 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി. യു.ഡി.എഫ്  20 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ ഏഴ് സീറ്റുകളുമായി ബി.ജെ.പി അപ്രതീക്ഷിത നേട്ടമുണ്ടാക്കി.

ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളില്‍ അഞ്ചെണ്ണം എല്‍.ഡി.എഫ് സ്വന്തമാക്കി. ഫറോക്, കൊയിലാണ്ടി, മുക്കം, രാമനാട്ടുകര, വകടകര മുനിസിപ്പാലിറ്റികളാണ് എല്‍.ഡി.എഫ് നേടിയത്. കൊടുവള്ളിയും പയ്യോളിയും യു.ഡി.എഫ് നേടി.

27 അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 16 ഡിവിഷനുകള്‍ ലഭിച്ചു. 11 ഡിവിഷനുകളാണ് യു.ഡി.എഫ് നേടിയത്. 70 ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് 45 എണ്ണം ലഭിച്ചു. യു.ഡി.എഫ് 25 എണ്ണം നേടി.

കണ്ണൂരിന്‍െറ ചിത്രം ഇങ്ങനെ

കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫും എല്‍.ഡി.എഫും 27 സീറ്റുകള്‍ വീതം നേടി. കോണ്‍ഗ്രസ് വിമതനാണ് ഒരു സീറ്റില്‍ വിജയിച്ചത്. പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനിലെ ഭരണം നിര്‍ണയിക്കുന്നതില്‍ കോണ്‍ഗ്രസ് വിമതന് നിര്‍ണായക പങ്കുണ്ട്.  55 ഡിവിഷനുകളാണ് കോര്‍പറേഷനിലുള്ളത്.

ജില്ലയിലെ എട്ട് മുനിസിപ്പാലിറ്റികളില്‍ നാലുവീതം എല്‍.ഡി.എഫും യു.ഡി.എഫും നേടി. ആന്തൂര്‍,കൂത്തുപറമ്പ്,പയ്യൂര്‍, തലശേരി നഗരസഭകള്‍ എല്‍.ഡി.എഫിനൊപ്പവും ഇരിട്ടി, പാനൂര്‍,ശ്രീകണ്ഠപുരം,തളിപ്പറമ്പ് എന്നീ നഗരസഭകള്‍ യു.ഡി.എഫിനൊപ്പവും നിന്നു.  തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ 14 സി.പി.എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ അവശേഷിക്കുന്ന 14 സീറ്റിലും എല്‍.ഡി.എഫ് ജയിച്ചു.

ജില്ലാപഞ്ചായത്തിലെ 24 ഡിവിഷനുകളില്‍ ഒമ്പതെണ്ണത്തില്‍ യു.ഡി.എഫും 15 എണ്ണത്തില്‍ എല്‍.ഡി.എഫും ജയിച്ചു. 11 ബ്ളോക്ക് പഞ്ചായത്തുകളും എല്‍.ഡി.എഫ് തൂത്തുവാരി. പാനൂര്‍,  തലശേരി ബ്ളോക് പഞ്ചായത്തുകളില്‍  മുഴുവന്‍ ഡിവിഷനുകളും എല്‍.ഡി.എഫ് നേടി.

വയനാട്ടില്‍ ഇടതിന് മെച്ചം; തകരാതെ യു.ഡി.എഫ്

യു.ഡി.എഫിന് രാഷ്ട്രീയാടിത്തറയുള്ള വയനാടന്‍ മണ്ണില്‍ എല്‍.ഡി.എഫ് മുന്നേറ്റം. കാലങ്ങളായി യു.ഡി.എഫിന്‍െറ  കോട്ടകൊത്തളങ്ങളായി നിലകൊണ്ട ഇടങ്ങളിലടക്കം മുന്നേറിയാണ് ഇടതുമുന്നണി കരുത്തുകാട്ടിയത്.

ജില്ലാ പഞ്ചായത്തില്‍ 11-5ന് ഭരണം നിലനിര്‍ത്തിയ യു.ഡി.എഫ്, നാലില്‍ മൂന്നു ബ്ളോക്കുകളിലും അധികാരത്തിലത്തെി. മൂന്നു മുനിസിപ്പാലിറ്റികളില്‍ കല്‍പറ്റ യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ മാനന്തവാടി ഇടതുമുന്നണിക്കൊപ്പം നിന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ ഇരുമുന്നണിയും 17 സീറ്റുവീതം നേടിയപ്പോള്‍ ഒരു സീറ്റില്‍ ബി.ജെ.പിയാണ് ജയിച്ചുകയറിയത്. ഇതോടെ ബത്തേരി ആരു ഭരിക്കുമെന്ന് ബി.ജെ.പി തീരുമാനിക്കും.
ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ മൂന്നെണ്ണം മാത്രം കൈവശമുണ്ടായിരുന്ന എല്‍.ഡി.എഫ് ഇക്കുറി 12 എണ്ണത്തില്‍ ഭരണം പിടിച്ചപ്പോള്‍ യു.ഡി.എഫ് ഏഴിലൊതുങ്ങി. നാലു പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ജില്ലയില്‍ ബി.ജെ.പി മൊത്തം 13 വാര്‍ഡുകളിലാണ് ജയിച്ചത്.

കാസര്‍കോട് എല്‍.ഡി.എഫ് മേല്‍ക്കെ

ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളില്‍ രണ്ടിടത്ത് എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫും ജയിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് 20 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി 14 സീറ്റുമായി രണ്ടാം സ്ഥാനത്താണ്. സി.പി.എമ്മിന് ഒരു സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എല്‍.ഡി.എഫ് പിടിച്ചെടുത്തു. സീറ്റുനില: എല്‍.ഡി.എഫ് 21,യു.ഡി.എഫ് 13, ബി.ജെ.പി 5, സ്വതന്ത്രര്‍ 4. നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ 19സീറ്റുമായി എല്‍.ഡി.എഫ് ഭരണത്തിലേറി. യു.ഡി.എഫിന് 13 സീറ്റാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്തില്‍ എട്ടിടത്ത് യു.ഡി.എഫും ഏഴിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും വിജയിച്ചു. ജില്ലയിലെ ആറ് ബ്ളോക്ക് പഞ്ചായത്തില്‍ നാലെണ്ണത്തില്‍ എല്‍.ഡി.എഫും രണ്ടെണ്ണത്തില്‍ യു.ഡി.എഫും ജയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.