ബാര്‍ കോഴക്കേസ്: റിവ്യൂഹരജി നല്‍കാന്‍ വിജിലന്‍സിന് അനുമതി

തിരുവനന്തപുരം: മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ റിവ്യൂഹരജി നല്‍കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഹൈകോടതിയില്‍ ഹരജി നല്‍കുക.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിക്കുന്നതെന്നാണ് വിജിലന്‍സ് ഉന്നതര്‍ പറയുന്നത്. വിജിലന്‍സ് മാന്വല്‍ പ്രകാരമാണ് ഡയറക്ടര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
അന്വേഷണത്തിന് ദോഷകരമായതോ അനധികൃത ഇടപെടലുകളോ അദ്ദേഹം നടത്തിയിട്ടില്ല. വിജിലന്‍സിന്‍െറ സല്‍പേരിന് കളങ്കമുണ്ടായേക്കാവുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടും.
അതേസമയം, തുടരന്വേഷണം തടയണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടേക്കില്ല. ഒക്ടോബര്‍ 30ന് വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വിജിലന്‍സിന് നല്‍കിയ കത്തില്‍, കുറ്റപത്രം സമര്‍പ്പിക്കാതെ മാണിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പറയാന്‍ കോടതിക്ക് അധികാരമില്ളെന്നും കോടതിപരാമര്‍ശങ്ങളെ അടിമുടി ചോദ്യം ചെയ്യുന്ന തരത്തില്‍ ഹരജി നല്‍കാനുമാണ് അനുമതി തേടിയത്.
കത്ത് പരിശോധിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇക്കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍, ധിറുതിപിടിച്ച് തീരുമാനമെടുക്കേണ്ടെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. സര്‍ക്കാറിന് തിരിച്ചടിയായ ഉത്തരവിനെതിരെ സര്‍ക്കാര്‍ തന്നെ അപ്പീല്‍ നല്‍കുന്നത് ഉചിമാവില്ളെന്ന നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സിനെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്.
അതിനാല്‍ കാര്യങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശങ്ങളെ മാത്രം ഹരജിയില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.