‘മാധ്യമം കുടുംബം’ മാസിക മലയാളക്കരക്ക് സമര്‍പ്പിച്ചു

കൊച്ചി: മലയാണ്‍മയുടെ വായനാലോകത്ത് പകിട്ടും പുതുമയുമാര്‍ന്ന സംഭാവനകളേകി ചരിത്രം സൃഷ്ടിച്ച ‘മാധ്യമം’ തറവാട്ടില്‍നിന്ന് പുതിയൊരു അംഗം കൂടി പിറവിയെടുത്തു. മലയാളപ്പിറവി ദിനത്തെ അവിസ്മരണീയമാക്കി ‘മാധ്യമം കുടുംബം’ മാസിക  ‘മാധ്യമം-മീഡിയ വണ്‍’ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍  മലയാളക്കരക്ക് സമര്‍പ്പിച്ചു. പ്രമുഖ ഇന്ത്യന്‍-ഇംഗ്ളീഷ് എഴുത്തുകാരി അനിതാ നായര്‍, മലയാളികളുടെ പ്രിയനടന്‍ ശ്രീനിവാസന്‍, സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയനായ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. വൈകുന്നേരം 4.30ന് എറണാകുളം മരട് ബി.ടി.എച്ച് സരോവരത്തില്‍ നടന്ന ചടങ്ങിന് പ്രൗഢോജ്ജ്വല സദസ്സ് സാക്ഷ്യം വഹിച്ചു. നിറഞ്ഞ സദസ്സില്‍ കൊച്ചിയുടെ പരിഛേദം ദൃശ്യമായിരുന്നു.
സ്വാസ്ഥ്യവും സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബജീവിതം ലക്ഷ്യംവെച്ചാണ് ‘മാധ്യമം കുടുംബം’ മാസിക പുറത്തിറക്കുന്നതെന്ന് മാസിക സമര്‍പ്പിച്ച് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. കുടുംബത്തിന്‍െറ വീണ്ടെടുപ്പാണ് സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ശൈഥില്യമില്ലാത്ത കുടുംബത്തിന്‍െറ വീണ്ടെടുപ്പാണ് സാമൂഹിക പ്രതിസന്ധിക്കുള്ള പരിഹാരം. കുടുംബ തകര്‍ച്ചയില്‍നിന്നാണ് സമൂഹത്തില്‍ ക്രിമിനലുകളും സാമൂഹിക വിരുദ്ധരും മറ്റും ഉണ്ടാകുന്നത്. സ്ത്രീയും പുരുഷനും പരമാവധി വിട്ടുവീഴ്ച ചെയ്തും സഹകരിച്ചും മുന്നോട്ടുപോയാലേ സമാധാനപരവും സന്തോഷപൂര്‍ണവുമായ കുടുംബജീവിതം സാധ്യമാവൂ. അതല്ളെങ്കില്‍ മനുഷ്യരാശിയുടെ തകര്‍ച്ചയിലേക്ക് അത് നയിക്കും. കുടുംബജീവിതവും മൂല്യാധിഷ്ഠിതമാകണമെന്ന് ‘മാധ്യമം’ ആഗ്രഹിക്കുന്നു. അതുകൊണ്ടു കൂടിയാണ് ‘കുടുംബം’ മാസിക പുറത്തിറക്കുന്നത്. ദിനപത്രത്തില്‍ വേറിട്ട സരണി കാണിച്ചപോലെ വ്യത്യസ്ത വഴി കാണിക്കാനാണ് ‘കുടുംബം’ മാസിക ശ്രമിക്കുന്നത് -അദ്ദേഹം വ്യക്തമാക്കി.
എഴുത്തുകാരി അനിതാ നായര്‍, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. ഇവര്‍ക്ക് യഥാക്രമം ‘മാധ്യമം’ ജനറല്‍ മാനേജര്‍ എ.കെ. സിറാജ് അലി, ഡെപ്യൂട്ടി എഡിറ്റര്‍ ഇബ്രാഹിം കോട്ടക്കല്‍, അസി. എക്സി. എഡിറ്റര്‍ പി.ഐ. നൗഷാദ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി സ്വാഗതം  പറഞ്ഞു. സെക്രട്ടറി ടി.കെ. ഫാറൂഖ് പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.