എന്‍ജിനീയറിങ് പ്രവേശ പരീക്ഷ വേണ്ടെന്ന നിലപാടില്‍ മാറ്റമില്ല –മന്ത്രി അബ്ദുറബ്ബ്

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശത്തിന് പ്രത്യേക പരീക്ഷ വേണ്ടെന്നാണ് തന്‍െറ അഭിപ്രായമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പ്രവേശ പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രകാശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെയധികം എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് എന്‍ട്രന്‍സ് വേണ്ടെന്ന അഭിപ്രായം. എന്നാല്‍ പ്രഫഷനല്‍ കോഴ്സുകള്‍ക്ക് പ്രവേശ പരീക്ഷ വേണമെന്ന കേന്ദ്രമാനദണ്ഡമുള്ളതിനാല്‍ എന്‍ട്രന്‍സ് ഒഴിവാക്കാനാവില്ല. മെഡിക്കല്‍ പ്രവേശത്തിനായി മെഡിക്കല്‍ കൗണ്‍സില്‍ നടത്താന്‍ ശ്രമിക്കുന്ന പരീക്ഷയില്‍ കേരളം പങ്കാളിയാകില്ല. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലേക്ക് സ്വന്തം നിലക്ക് പ്രവേശ പരീക്ഷയുമായി മുന്നോട്ട് പോകും. എന്നാല്‍ അഖിലേന്ത്യ ക്വോട്ടയിലെ പ്രവേശത്തിന് അഖിലേന്ത്യതലത്തിലെ ഏകീകൃത പരീക്ഷയുടെ റാങ്ക് പട്ടികയില്‍നിന്ന് അലോട്ട് ചെയ്യുന്നവരെ പരിഗണിക്കും.
സ്വാശ്രയ കോളജുകളുമായി ഒപ്പുവെക്കുന്ന കരാറിന്‍െറ അടിസ്ഥാനത്തിലാണ് അവിടെ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത അലോട്ട്മെന്‍റിനുശേഷം മികച്ച കോളജുകളിലേക്കോ കോഴ്സുകളിലേക്കോ മാറാന്‍ സാധിക്കാതെ വരുന്നതെന്നും എന്‍ട്രന്‍സ് കമീഷണര്‍ ബി.എസ്. മാവോജി പറഞ്ഞു. ഇക്കാര്യം കൂടി പരിഗണിച്ചായിരിക്കണം ഓപ്ഷന്‍ സമര്‍പ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  സ്കൂള്‍ കലോത്സവങ്ങള്‍ക്ക് പണപ്പിരിവ് നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും സ്കൂളുകളും പി.ടി.എകളും സ്വന്തംനിലയില്‍ പിരിവ് നടത്തുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പിരിവ് നല്‍കാത്തതിന്‍െറ പേരില്‍ കുട്ടികളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കാതിരുന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.