ഗുരുവിന്‍റെ പൈതൃകം തട്ടിയെടുക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നു: സോണിയ

വർക്കല: ശ്രീ നാരായണ ഗുരുവിന്‍റെ പൈതൃകം തട്ടിയെടുക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 83ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സോണിയ. ഗുരുവിന്‍റെ ദർശനങ്ങൾക്ക് ഇന്നും കാലികപ്രസക്തിയുണ്ട്. ഗുരുദേവ ദർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ചിലർ ഉപയോഗിക്കുന്നു. എസ്.എൻ.ഡി.പിയുടെ യഥാർഥ ലക്ഷ്യങ്ങളെ വളച്ചൊടിക്കാനാണ് ഇവർ ശ്രമിക്കുന്നത്.ഗുരുദേവൻ ഉദ്ഘോഷിച്ച  സ്വാതന്ത്ര്യത്തിന്‍റെയും സാമൂഹിക നീതിയുടേയും ദർശനങ്ങൾ ഇന്ന് ഏറെ പ്രസക്തമാണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ സോണിയ പറഞ്ഞു.

മനുഷ്യനെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ശ്രീ നാരായണ ഗുരു ശ്രമിച്ചതെന്ന് ചടങ്ങിൽ സംബന്ധിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജാതിമത ചിന്തകൾക്ക് അതീതമായി ഒന്നിച്ച് നിൽക്കണമെന്ന ഗുരദേവ ദർശനത്തിന് ഇന്നും പ്രസക്തിയുണ്ട്. ജാതീയമായി ഭിന്നിപ്പിക്കുന്നവരെ ഗുരുദേവ ധർമം കൊണ്ട് നേരിടണം. ഗുരുദേവദർശനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് തടുരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

നേരത്തേ ഹെലികോപ്ടര്‍ മാര്‍ഗം പാപനാശം ഹെലിപാഡിലിറങ്ങിയ സോണിയയെ ശിവഗിരി മഠത്തിലെ സ്വാമിമാരും വര്‍ക്കല കഹാര്‍ എം.എല്‍.എ, ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം. ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് റോഡ് മാര്‍ഗം കനത്ത പൊലീസില്‍ കാവലിലാണ് ശിവഗിരിയിലെത്തിയത്. ശിവഗിരി മഠം ഗെസ്റ്റ് ഹൗസില്‍ ധര്‍മ സംഘം ട്രസ്റ്റ് ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ശ്രീനാരായണഗുരുവിന്റെ സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമാണ് സമ്മേളന വേദിയില്‍ സോണിയ എത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ. ബാബു, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി, എം.എ. യൂസുഫലി, എന്നിവരും വേദിയിൽ സംബന്ധിക്കുന്നുണ്ട്.

രാവിലെ 10 മണിയോടെയാണ് സോണിയ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും വിമാനത്താവളത്തില്‍ സോണിയയെ സ്വീകരിക്കാനെത്തിയിരുന്നു. ഒരു മണിക്കൂര്‍ വർക്കലയിൽ ചെലവഴിക്കുന്ന സോണിയ കോട്ടയത്തേക്ക് പോകും. കോട്ടയത്ത് വെച്ച് യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.