കെ.എസ്.ആര്‍.ടി.സി പെയിന്‍റര്‍ നിയമനം അനിശ്ചിതത്വത്തില്‍

ചെറുവത്തൂര്‍ (കാസര്‍കോട്): കെ.എസ്.ആര്‍.ടി.സിയില്‍ പെയിന്‍റര്‍മാരുടെ സ്ഥിരനിയമനം അനിശ്ചിതത്വത്തില്‍. വര്‍ഷങ്ങളായി ഈ തസ്തികയില്‍ സേവനം ചെയ്തുവരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ സാധിക്കാത്തതാണ് കാരണം. സ്ഥിരപ്പെടുത്തുമെന്ന ഉറപ്പിലാണ് ഇവര്‍ ഇതുവരെ ജോലിയില്‍ തുടര്‍ന്നത്. പെയിന്‍റര്‍-ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങളാണ് നിലച്ചത്. 300ഓളം ഉദ്യോഗാര്‍ഥികളുള്ള റാങ്ക് ലിസ്റ്റ് നിലവില്‍വന്ന് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ആകെ 81 പേരെ മാത്രമാണ് നിയമിച്ചത്. കെ.എസ്.ആര്‍.ടി.സി നടത്തുന്ന സര്‍വിസുകള്‍ക്ക് ആനുപാതികമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ സാധിക്കാത്തതും പുതിയ നിയമനങ്ങളെ ബാധിക്കുകയായിരുന്നു.

നിലവില്‍ 200ഓളം ഒഴിവുകള്‍ പെയിന്‍റര്‍ തസ്തികയിലുണ്ട്. വിവിധ യൂനിറ്റുകളിലായി 85 പേര്‍ എംപാനലായി ജോലി ചെയ്യുന്നു. റാങ്ക് ലിസ്റ്റ് നിലവിലിരിക്കെതന്നെ താല്‍ക്കാലിക നിയമനം നടത്തിയ യൂനിറ്റുകളുമുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. 25 ഷെഡ്യൂളുകള്‍ക്ക് ഒരു പെയിന്‍റര്‍ എന്നതാണ് കെ.എസ്.ആര്‍.ടി.സിയിലെ അനുപാതം. ഇതുപ്രകാരം 6,000 ബസുകള്‍ക്ക് 240 പേര്‍ വേണം. അഞ്ച് മേഖല വര്‍ക്ഷോപ്പുകളിലായി 100 ഒഴിവുകള്‍ വേറെയുമുണ്ട്. ഷെഡ്യൂള്‍ പ്രകാരം നിയമനം നല്‍കിയാല്‍ 200ഓളം പേര്‍ക്ക് ജോലി ലഭിക്കും. എന്നാല്‍, താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നടപടി മാത്രമാണ് കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്നത്.

മെയിനില്‍ 298, സപ്ളിമെന്‍ററിയില്‍ 101 എന്നിങ്ങനെ 399 പേരാണ് പെയിന്‍റര്‍-ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയത്. ചുരുക്കപ്പട്ടികയില്‍ 245 പേരെയാണ് പി.എസ്.സി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഒഴിവുകള്‍ക്ക് ആനുപാതികമായി ലിസ്റ്റില്ളെന്ന പരാതിയത്തെുടര്‍ന്ന് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് വിപുലീകരിക്കുകയായിരുന്നു. വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഈ തസ്തികയില്‍ പി.എസ്.സി പരീക്ഷയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടത്തി റാങ്ക് ലിസ്റ്റുണ്ടാക്കിയത്. അതിനാല്‍ റാങ്ക് ലിസ്റ്റില്‍പ്പെട്ടവരെല്ലാം ഇനിയൊരു പരീക്ഷയെഴുതാന്‍ സാധിക്കാത്തവിധം പ്രായം തികഞ്ഞവരാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.