നായര്‍ സേവാ സമാജം വേദിയില്‍ കൈയാങ്കളി

കൊച്ചി: ഗ്ളോബല്‍ നായര്‍ സേവാ സമാജത്തിന്‍െറ പൊതുസമ്മേളന വേദിയില്‍ കൈയാങ്കളി. കേന്ദ്രമന്ത്രി ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന എറണാകുളം മറൈന്‍ ഡ്രൈവിലെ പൊതുസമ്മേളത്തിലാണ് മുതിര്‍ന്ന നേതാവിനെ അപമാനിച്ചെന്നാരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറിയത്. നേതാക്കളെ പരിചയപ്പെടുത്തിയപ്പോള്‍ മലബാര്‍ നായര്‍ സമാജം രക്ഷാധികാരിയും ഗ്ളോബല്‍ നായര്‍ സേവാ സമാജം ഡയറക്ടറുമായ മഞ്ചേരി ഭാസ്കരന്‍ പിള്ളയുടെ പേര് വിട്ടുപോയതാണ് പ്രകോപനമുണ്ടാക്കിയത്. ബോധപൂര്‍വം വരുത്തിയ പിഴവാണെന്ന് ആരോപിച്ച് സദസ്സിലെ മുന്‍നിരയിലുണ്ടായിരുന്ന ചിലര്‍ പ്രതിഷേധിക്കുകയായിരുന്നു.

പേര് വിട്ടുപോയതില്‍ ക്ഷമാപണം നടത്താന്‍ സംഘാടകര്‍ തയാറായെങ്കിലും ചിലര്‍ വേദിയില്‍ കയറിയും പ്രതിഷേധിച്ചു. ഇതിനിടെ, ഉന്തും തള്ളുമുണ്ടായതോടെ സമ്മേളനം അലങ്കോലപ്പെടുമെന്ന അവസ്ഥയിലുമായി. കൈപ്പിഴവ് സംഭവിച്ചെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ അടങ്ങിയില്ല. വേദിയിലുണ്ടായിരുന്ന മേജര്‍ രവി അടക്കമുള്ളവരും ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചു. ഈ സമയമെല്ലാം മഞ്ചേരി ഭാസ്കരന്‍ പിള്ളയും വേദിയിലുണ്ടായിരുന്നു.

സംസ്കാരത്തിന് വിരുദ്ധനടപടികള്‍ പാടില്ളെന്നും ചില ഛിദ്രശക്തികളുടെ പ്രവര്‍ത്തനം ഇതിന് പിന്നിലുണ്ടെന്നും വികാരത്തിന് അടിപ്പെട്ട് ആരും വിവേകം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.