കുമ്മനത്തിൻെറ പ്രസ്​താവനകൾ ജനങ്ങളെ വിഭജിക്കുന്നത് –മുഖ്യമന്ത്രി

തിരുവനന്തപുരം: മതാതീതമായ സൗഹൃദം പുലര്‍ത്തുന്ന കേരളത്തിൻെറ ചരിത്രത്തേയും പാരമ്പര്യത്തേയും വിസ്മരിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹകമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളെ വിഭജിക്കുന്ന അഭിപ്രായ പ്രകടനങ്ങളാണ് കുമ്മനം നടത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വര്‍ഗീയകലാപങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നാടാണു കേരളം. ആളിക്കത്തുമെന്നു പ്രതീക്ഷിച്ച നിലയ്ക്കല്‍ വിഷയംപോലും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ നമുക്കു സാധിച്ചു. സഹിഷ്ണുതയും സഹകരണവും സഹവര്‍ത്തിത്വവുമാണ് പൂര്‍വികര്‍ നമുക്കു കൈമാറിയ ഏറ്റവും വലിയ സമ്പത്ത്. അതു കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം സംബന്ധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതു പരിശോധിക്കും. കുറച്ചു കൂടി പക്വതയുള്ള സമീപനമാണു ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിന്നു കേരളം പ്രതീക്ഷിച്ചത്. രാജ്യത്തിനാകെ മാതൃകയായ കേരളത്തിൻെറ മതേതര മനസില്‍ വിദ്വേഷം വിതക്കുന്നവരെ നാട് പുറംതള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരസ്പരം ബഹുമാനിച്ച്  സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതാണ് കേരളത്തിൻെറ പാരമ്പര്യം. തിരുവിതാംകൂറിലെയും മലബാറിലെയും ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണയും ശര്‍ക്കരയും എത്തിച്ചിരുന്നത് ക്രിസ്ത്യന്‍, മുസ് ലിം കുടുംബങ്ങളാണ്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ പാരമ്പര്യം തുടരുന്നു. ധാരാളം ക്ഷേത്രകമ്മിറ്റികളില്‍ മറ്റു മതസ്ഥര്‍ ഭാരവാഹികളാണ്. വാവര്‍ പള്ളി സന്ദര്‍ശിച്ചശേഷം അയ്യപ്പഭക്തര്‍ ശബരിമലയ്ക്കു പോകുകയും ധാരാളം അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാല ഊരുകയും ചെയ്യാറുണ്ട്. സംസ്ഥാനത്തിന്റെ എല്ലായിടത്തും ഉത്സവങ്ങളിലും പെരുന്നാളുകളിലും എല്ലാവരും ഒന്നിച്ചാണു പങ്കെടുക്കുന്നത്. നമ്മുടെ പൂര്‍വികര്‍ വിശാലമനസോടെ സൃഷ്ടിച്ചെടുത്ത ഇത്തരം പാവനമായ സംസ്‌കൃതികളെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കുമ്മനത്തെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.