കോഴിക്കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമത്തില്‍ ഉള്‍പ്പെടുത്തി ശിശുസൗഹൃദ അങ്കണവാടികേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ 914 ഗ്രാമപഞ്ചായത്തുകളില്‍ 768 എണ്ണവും പുറത്ത്. ആറു ജില്ലകളില്‍ 22 ബ്ളോക്കുകളിലെ 146 പഞ്ചായത്തുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുക. തൊഴിലുറപ്പുപദ്ധതി 2015-16 മുതല്‍ രാജ്യത്ത് തീവ്ര പങ്കാളിത്ത ആസൂത്രണ പ്രവര്‍ത്തനത്തിനായി (ഐ.പി.പി.ഇ) തെരഞ്ഞെടുത്ത ഏറെ പിന്നാക്കമായ 2534 ബ്ളോക്കുകളില്‍ കേന്ദ്രീകരിക്കാന്‍ 2014 ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിന്‍െറ ഭാഗമാണിത്.
തൊഴിലുറപ്പ്, സംയോജിത ശിശുവികസന (ഐ.സി.ഡി.എസ്) പദ്ധതികളുടെ സംയുക്ത സംരംഭമാണ് പദ്ധതി. 4.50 ലക്ഷം രൂപ ചെലവില്‍ 600 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിക്കാനാണ് കേന്ദ്രനിര്‍ദേശം. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിനനുസരിച്ച് വലുപ്പവും സൗകര്യവും കൂട്ടാം. എന്നാല്‍, അധികതുക സംസ്ഥാനപദ്ധതികളില്‍നിന്ന് കണ്ടത്തെണം.
പരിസ്ഥിതി, ശിശുസൗഹൃദമാവണം കെട്ടിടങ്ങള്‍. സിമന്‍റിന്‍െറയും കമ്പിയുടെയും ഉപയോഗം പരമാവധി കുറക്കാനാണ് നിര്‍ദേശം. കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള സംവിധാനങ്ങള്‍, സൂക്ഷിപ്പുമുറി തുടങ്ങിയവ ഒരുക്കണം. ശുചിമുറികള്‍, ശുദ്ധജലം, വൈദ്യുതി തുടങ്ങിയവ ഉറപ്പാക്കണം. ഇടുക്കി ജില്ലയില്‍ അടിമാലി, അഴുത, ദേവികുളം, കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, പരപ്പ, മലപ്പുറം ജില്ലയില്‍ അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, പാലക്കാട് ജില്ലയില്‍ ആലത്തൂര്‍, അട്ടപ്പാടി, ചിറ്റൂര്‍, കൊല്ലങ്കോട്, കുഴല്‍മന്ദം, മണ്ണാര്‍ക്കാട്, നെന്മാറ, ഒറ്റപ്പാലം, പാലക്കാട്, തൃശൂര്‍ ജില്ലയില്‍ പഴയന്നൂര്‍, വയനാട് ജില്ലയില്‍ കല്‍പ്പറ്റ, മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി എന്നിവയാണ് ഐ.പി.പി.ഇ ബ്ളോക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.