പറയാനുള്ളത് 22ന് പറയും: കടുത്ത നിലപാടിൽ ചെന്നിത്തല

തിരുവനന്തപുരം: 22ന് സോണിയ ഗാന്ധിയെ കാണുമ്പോൾ പറയാനുള്ള കാര്യങ്ങൾ പറയുമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. സംസ്ഥാനത്തെ കാര്യങ്ങളെ കുറിച്ച് എനിക്ക് എന്‍റേതായ അഭിപ്രായങ്ങളുണ്ട്. അത് എങ്ങിനെ പറയണമെന്ന് അറിയാം. പൊതുനിരത്തിൽ വിളിച്ചു പറയുന്ന രീതി എനിക്കില്ല. പത്തിരുപത് വർഷം എ.ഐ.സി.സിയിലും ഒമ്പത് വർഷം കെ.പി.സി.സി പ്രസിഡന്‍റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്‌ പ്രസിഡന്‍റിനെ ഒരു കാര്യം എങ്ങിനെ അറിയിക്കണമെന്ന് വ്യക്തമായ ധാരണയുണ്ട്. കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ ചെന്നിത്തല തുറന്നടിച്ചു. 

തന്‍റെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ എഴുതിയതല്ല. അതു കണ്ടപ്പോഴേ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്‍റ് ആയിരിക്കെ ഒട്ടേറെ തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളോട് പങ്കുവെച്ചിട്ടില്ല. മാധ്യമങ്ങളിലൂടെ വാർത്ത സൃഷ്ടിക്കുന്ന ഏർപ്പാട് തനിക്കില്ല. 

കേരളത്തിലെ കോണ്‍ഗ്രസിനെ  ഒമ്പത് കൊല്ലം നയിച്ച ആളെന്ന നിലക്ക് പാർട്ടി അധികാരത്തിൽ തുടരാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് വ്യക്തമായ അഭിപ്രായം ഉണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അസം, തമിഴ്നാട്, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ്‌ ഹൈകമാൻഡിന് വലിയ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ഭരണ തുടർച്ചക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. അത് പറയേണ്ടിടത്ത് പറയുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

മുമ്പൊരിക്കലും പ്രകടിപ്പിക്കാത്ത കടുത്ത നിലപാടാണ് യോഗത്തിൽ ചെന്നിത്തല സ്വീകരിച്ചത്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്തിനെകുറിച്ച് അന്വേഷിക്കണമെന്ന് യോഗാരംഭത്തിൽ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ പറഞ്ഞു. ഇന്ന് വൈകിട്ട് ചെന്നിത്തല ഡൽഹിക്ക് പോകുന്നുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ അദ്ദേഹം കാണും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.