റബർ ബോർഡ് കേരളത്തിൽ രണ്ടു സോണൽ ഓഫിസുകൾ അടച്ചുപൂട്ടി

കോട്ടയം: സംസ്ഥാനത്തെ രണ്ടു സോണൽ ഓഫിസുകൾ റബർ ബോർഡ് അടച്ചുപൂട്ടി. തിരുവനന്തപുരം, കോഴിക്കോട് റീജനൽ ഓഫിസുകളോട് അനുബന്ധിച്ച് വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സോണൽ ഓഫിസുകളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിെൻറ നിർദേശ പ്രകാരം അടച്ചത്. രണ്ടു ഓഫിസുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റി. ഇവിടെ ചുമതല വഹിച്ചിരുന്ന ജോയൻറ് റബർ പ്രൊഡക്ഷൻ കമീഷണർമാരെയും അസം അടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തിടെ നിയമിച്ചു.

ഓഫിസുകളുടെ പ്രവർത്തനം മാസങ്ങൾക്ക് മുമ്പുതന്നെ നിർത്തിവെച്ചിരുന്നു. എന്നാൽ, ഭരണപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് സോണൽ ഓഫിസുകൾ നിർത്തിയതെന്നാണ് റബർ ബോർഡ് വൃത്തങ്ങൾ നൽകുന്ന സൂചന. റബർ ബോർഡിെൻറ പ്രധാന ഓഫിസുകളെല്ലാം ഘട്ടംഘട്ടമായി കേരളത്തിൽനിന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടുന്നതിെൻറ മുന്നോടിയായാണ് നടപടിയെന്ന് ബോർഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. ആഭ്യന്തര റബർ ഉൽപാദനത്തിെൻറ 95 ശതമാനവും കേരളത്തിൽനിന്നായിട്ടും കർഷകരെ സഹായിക്കുന്ന നിലപാടിൽനിന്ന് രണ്ടു വർഷമായി റബർ ബോർഡ് പിന്നാക്കം പോകുകയാണെന്ന ആക്ഷേപത്തിനിടെയാണ് സുപ്രധാന ഓഫിസുകൾ അടച്ചുപൂട്ടുന്നത്. വിലയിടിവിൽ ലക്ഷക്കണക്കിന് കർഷകർ നട്ടംതിരിയുമ്പോഴും ഇതൊന്നും കാണാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപനത്തിനുള്ള നീക്കത്തിലാണ് റബർ ബോർഡ്.

അസം, ത്രിപുര സംസ്ഥാനങ്ങൾക്ക് പുറമെ അരുണാചൽപ്രദേശിലും ഛത്തിസ്ഗഢിലും ഒഡിഷയിലും ഝാർഖണ്ഡിലും റബർകൃഷി വികസിപ്പിക്കാനാണ് ശ്രമം. ഈ സംസ്ഥാനങ്ങളിൽ വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ റബർകൃഷി വ്യാപനം അനിവാര്യമാണെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിെൻറ പുതിയ പഠനം. ത്രിപുരയിൽ ഈ പരീക്ഷണം വിജയിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. പുതിയ സംവിധാനം നടപ്പാക്കുന്നതിെൻറ ഭാഗമായി നിരവധി ജീവനക്കാരെ ഇതര സംസ്ഥാനങ്ങളിലേക്ക് ഇതിനകം മാറ്റി. കേരളത്തിൽ റബർ കൃഷി ഏതാണ്ട് പൂർത്തിയായെന്നാണ് റബർ ബോർഡിെൻറ വിലയിരുത്തൽ. അതുകൊണ്ടു തന്നെ കേരളത്തിലെ കർഷകർക്ക് അർഹതപ്പെട്ട കോടികളുടെ പദ്ധതികളെല്ലാം ഇപ്പോൾ ഇതര സംസ്ഥാനങ്ങളിലേക്ക് ബോർഡ് ഒഴുക്കുകയാണ്.

പ്രതിവർഷം 25 മുതൽ 50 കോടിക്കുമേൽ കൃഷി വ്യാപനത്തിനായി മാത്രം ഇതര സംസ്ഥാനങ്ങളിൽ ചെലവഴിക്കുന്നു. കേരളത്തിലെ റബർ കർഷകരിൽനിന്ന് പിരിക്കുന്ന സെസ് അടക്കമാണ് കൊണ്ടുപോകുന്നത്. റബർ ബോർഡ് പുന$സംഘടനയും രണ്ടു വർഷമായി നടത്തിയിട്ടില്ല. ചെയർമാൻ, റബർ പ്രൊഡക്ഷൻ കമീഷണർ, സെക്രട്ടറി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ബോർഡിന് നാഥനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പുന$സംഘടന നീട്ടിക്കൊണ്ടുപോകുന്നത് ആസ്ഥാനം തന്നെ കേരളത്തിൽനിന്ന് ഒഴിവാക്കാനുള്ള കേന്ദ്രസർക്കാറിെൻറ ആസൂത്രിത നീക്കത്തിെൻറ ഭാഗമായാണെന്നും ആക്ഷേപമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.