മലയാള ഭാഷാ ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം: മാതൃഭാഷാപഠനം പ്രോത്സാഹിപ്പിക്കാനും ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ മലയാള ഭാഷാ വ്യാപനവും പരിപോഷണവും ബില്‍ നിയമസഭ പാസാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുവേണ്ടി മന്ത്രി കെ.സി. ജോസഫ് അവതരിപ്പിച്ച ബില്‍ വിശദ ചര്‍ച്ചക്കുശേഷമാണ് പാസാക്കിയത്. ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും മലയാളത്തിലാകണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇംഗ്ളീഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാനകേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണം. എല്ലാ ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇത് ബാധകമാകും. അതേസമയം, സ്കൂളിലോ ബിരുദപഠനത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നല്‍കുന്നതിന് മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ളോമക്ക് തുല്യമായ പി.എസ്.സി പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി.
പി.എസ്.സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. കേന്ദ്രസര്‍ക്കാറുമായും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായും വിദേശരാജ്യങ്ങളുമായും മറ്റ് സംസ്ഥാനങ്ങളുമായും ഹൈകോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ളീഷ് ഉപയോഗിക്കാം.
ഏകീകൃത ലിപി വിന്യാസം നടപ്പാക്കണം. കീഴ്കോടതികളിലെ കേസുകളും വിധിന്യായങ്ങളും പെറ്റികേസുകളിലെ വിധിന്യായവും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലുംകൂടി രേഖപ്പെടുത്തണം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകളിലെ വിവരങ്ങളും മലയാളത്തിലാകണം.  
സംസ്ഥാനത്ത് നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യാവസായിക ഉല്‍പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി രേഖപ്പെടുത്തണം. കേരളത്തിനകത്തെ സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തില്‍ വേണം. വിവരസാങ്കേതികരംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍കൂടി നല്‍കണം. സര്‍ക്കാറിന്‍െറ ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.