പരീക്ഷാ നടത്തിപ്പിന് സോഫ്റ്റ് വെയർ: സാങ്കേതിക സർവകലാശാല സർക്കാർ സ്​ഥാപനങ്ങളുടെ സഹായം തേടി

തിരുവനന്തപുരം: സ്വകാര്യ ഏജൻസിയുടെ പങ്കാളിത്തത്തെച്ചൊല്ലി ബി.ടെക്, എം.ടെക് പരീക്ഷകൾ മാറ്റിവെക്കേണ്ടിവന്ന എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ സർക്കാർ സ്ഥാപനങ്ങളുടെ സഹായത്തോടെ സോഫ്റ്റ്വെയർ വികസിപ്പിക്കാൻ ശ്രമം തുടങ്ങി. കേന്ദ്രസർക്കാർ സ്ഥാപനമായ സി–ഡാക്, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ സി–ഡിറ്റ്, കെൽട്രോൺ എന്നിവയോട് ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ സർവകലാശാല ആവശ്യപ്പെട്ടു.

പരീക്ഷാ നടത്തിപ്പ് പൂർണമായി വെബ് അധിഷ്ഠിതമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയറാണ് വികസിപ്പിക്കേണ്ടത്. നേരത്തേ ബംഗളൂരു ആസ്ഥാനമായ മെറിറ്റ് ട്രാക് എന്ന സ്വകാര്യ ഏജൻസി വികസിപ്പിച്ച സോഫ്റ്റ്വെയർ ഉപയോഗിച്ച് പരീക്ഷ നടത്താനായിരുന്നു തീരുമാനം. എന്നാൽ അധ്യാപക, വിദ്യാർഥി സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ വെബ് അധിഷ്ഠിത പരീക്ഷാരീതി പിൻവലിക്കാൻ തീരുമാനിച്ചു. ഒന്നാം സെമസ്റ്റർ പരീക്ഷകൾ മാന്വൽ രീതിയിൽ നടത്താനും തുടർന്ന് സർവകലാശാല സ്വന്തംനിലക്ക് സോഫ്റ്റ്വെയർ വികസിപ്പിച്ച് പരീക്ഷ നടത്താനും യോഗം നിർദേശിച്ചിരുന്നു. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുമില്ലാത്ത സർവകലാശാലക്ക് ആരംഭഘട്ടത്തിൽ സോഫ്റ്റ്വെയർ വികസിപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സർക്കാർ സ്ഥാപനങ്ങളുടെ സഹകരണം തേടിയത്. വിശദമായ പ്രപ്പോസൽ സമർപ്പിക്കാനാണ് സർക്കാർ സ്ഥാപനങ്ങളോട് നിർദേശിച്ചത്.

അതേസമയം, സോഫ്റ്റ്വെയർ തയാറാക്കാൻ ഏറെ സമയമെടുക്കുമെന്നാണ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ സർവകലാശാല അധികൃതരെ അനൗദ്യോഗികമായി അറിയിച്ചത്. ഇന്ത്യയിൽ അഞ്ച് സ്വകാര്യ സ്ഥാപനങ്ങളാണ് വെബ് അധിഷ്ഠിത പരീക്ഷാ രീതിക്കായുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചിട്ടുള്ളത്. ഇവയിൽനിന്ന് ഇ–ടെൻഡർ മുഖേനയാണ് മെറിറ്റ് ട്രാക്കിനെ പരീക്ഷാ നടത്തിപ്പിന് ചുമതലപ്പെടുത്തിയത്. ഇവർ ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷ വിജയകരമായി നടത്തുകയും രണ്ടാംദിവസം പരീക്ഷാഫലം നൽകുകയും ചെയ്തു. ഇതിനിടെയാണ് സ്വകാര്യ ഏജൻസിയുടെ പങ്കാളിത്തം വിവാദമായതും അധ്യാപക, വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി എത്തിയതും.

മാന്വൽ രീതിയിലുള്ള ഒന്നാം സെമസ്റ്റർ ബി.ടെക്, എം.ടെക് പരീക്ഷകൾ ക്രിസ്മസിനുശേഷം നടത്താൻ തീരുമാനിച്ചെങ്കിലും തീയതി സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. 154 എൻജിനീയറിങ് കോളജുകളിൽ മാന്വൽ രീതിയിൽ പരീക്ഷ നടത്തുന്നതും ഉത്തരക്കടലാസുകൾ ശേഖരിച്ച് മൂല്യനിർണയത്തിനയക്കുന്നതും ശ്രമകരമായ ജോലിയാണ്. പരീക്ഷാ തീയതിയുടെ കാര്യത്തിൽ തിങ്കളാഴ്ചയോടെങ്കിലും തീരുമാനമെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.