വിഴിഞ്ഞം പദ്ധതി വ്യവസ്ഥകളോടുള്ള എതിർപ്പ് തുടരും- കോടിയേരി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വ്യവസ്ഥളോടുള്ള എതിർപ്പ് തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയോടല്ല, മറിച്ച് അതിന്‍റെ വ്യവസ്ഥകളോടാണ് എതിർപ്പ്. വ്യവസ്ഥകൾ സംസ്ഥാനത്തിന്‍റെ താൽപര്യത്തിന് എതിരാണ്. ഇക്കാര്യം തന്നെ സന്ദർശിച്ച ഗൗതം അദാനിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രി കെ. ബാബുവും പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്ക്കരിക്കുന്ന കാര്യത്തിൽ പിന്നോട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.

സമത്വ മുന്നേറ്റ യാത്രയിലെ നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം കേരളത്തിലെ എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് എതിരാണ്. ഈ വിഭാഗങ്ങളെ ഇപ്പോഴും നായാടികളായി കാണുന്ന വെള്ളാപ്പള്ളിക്ക് എങ്ങനെയാണ് സമത്വം ഉണ്ടാക്കാൻ കഴിയുക? എസ്.എൻ.ഡി.പി യോഗത്തിന്‍റെ ജനറൽ സെക്രട്ടറി വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതിയാകുന്നത് കേരളചരിത്രത്തിൽ ആദ്യമായാണ്. ഈ കേസ് നേരിടുന്ന വ്യക്തി സെക്രട്ടറിസ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമത്വ മുന്നേറ്റ യാത്രയിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ പങ്കെടുക്കരുതായിരുന്നു. ഈ ഘട്ടത്തിൽ അദ്ദേഹം പിന്മാറിയത് നന്നായിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി ഇന്ന് എ.കെ.ജി സെന്‍ററിലെത്തി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചിരുന്നു. പദ്ധതിക്ക് കോടിയേരി പിന്തുണ അറിയിച്ചതായി അദാനി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.