ചെറിയതോതിലെന്ന് മന്ത്രി, വലിയതോതിലെന്ന് ജനം; പവർകട്ടിൽ പൊറുതിമുട്ടി കേരളം

തിരുവനന്തപുരം: തുടർച്ചയായ 'പവർ കട്ടി'ൽ വലഞ്ഞ് സംസ്ഥാനം. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ചെറിയതോതിലെന്ന് മന്ത്രി അവകാശപ്പെടുമ്പോൾ വലിയതോതിലെന്നാണ് ജനം പറയുന്നത്. ഇന്നലെ മാത്രം രാത്രി സമയങ്ങളിലെ വൈദ്യുതി നിയന്ത്രണം ജനത്തെ വലച്ചു. മുന്നറിയിപ്പില്ലാതെ പലവട്ടമാണ് വൈദ്യുതി മുടങ്ങിയത്. ഇടവിട്ട് വൈദ്യുതി കട്ട് ചെയ്തത് ഒരു മണിക്കൂറിലേറെ സമയം ആയിരുന്നു. ചിലയിടങ്ങളിൽ 20 മിനിറ്റും 30 മിനിറ്റും നേരം വൈദ്യുതിയുണ്ടായില്ല.

തിരുവനന്തപുരം നഗരത്തിലടക്കം മൂന്നും നാലും തവണ 20 മിനിറ്റും അരമണിക്കൂറിന്റെ ഇടവേളകളിലും പവർ കട്ടുണ്ടായി. ഏകദേശം 700 മെഗാവാട്ടിന്റെ കുറവാണ് വൈദ്യുതി ലഭ്യതയിൽ ഉണ്ടായതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതെന്നുമാണ് വിഷയത്തിൽ കെ.എസ്.ഇ.ബി നൽകുന്ന വിശദീകരണം. മഴ ലഭ്യതയുടെ അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം വർധിക്കേണ്ടതായിരുന്നു. കാലവർഷം ഇത്തവണ കുറഞ്ഞതാണ് പ്രതിസന്ധി വർധിക്കാൻ കാരണമെന്നും മേഖലയിലുള്ളവർ പറയുന്നു. 36 ശതമാനം മഴയുടെ കുറവാണ് ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

അതേസമയം, വൈദ്യുതി പ്രതിസന്ധി വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോഗം നിയന്ത്രിക്കാൻ അഭ്യർഥിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. നിലവിൽ വൈദ്യുതി ലഭ്യതയിൽ 600 മെഗാവാട്ടിന്റെ കുറവാണുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കുന്നതിന് പൊതുജനങ്ങൾക്കായി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

എ.സിയുടെ താപനില 25 ഡിഗ്രിയോ അതിനുമുകളിലോ സെറ്റ് ചെയ്യുക. അലങ്കാരവിളക്കുകൾ ഒഴിവാക്കുക. വൈദ്യുതി വാഹനങ്ങൾ പരമാവധി പകൽ സമയത്ത് ചാർജ് ചെയ്യുക. വാട്ടർ പമ്പ്, വാട്ടർ ഹീറ്റർ, വാഷിങ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, അയൺ ബോക്സ് എന്നിവയുടെ ഉപയോഗം പീക്ക് മണിക്കൂറുകളിൽ കുറക്കുക. ബി.എൽ.ഡി.സി ഫാനുകൾ എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ ഉപയോഗിക്കുക. വ്യാവസായിക വാണിജ്യ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രോസസ്സുകൾ ചെയ്ത് രാത്രികാലങ്ങളിലെ ആവശ്യകത കുറക്കുക തുടങ്ങിയ നിർദേശങ്ങളോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

വൈദ്യുതി പ്രതിസന്ധി ഗുരുതരമായി തുടരുന്നതിനിടയിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റഗുലേറ്ററി കമീഷന്റെ അനുമതി നൽകി. സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയത്. യൂനിറ്റിന് 2.93 രൂപ എന്ന നിരക്കിൽ വൈദ്യുതി കേരളത്തിന് ലഭ്യമാകും. വൈകീട്ട് ആറു മുതൽ രാത്രി 10 വരെ ഉയർന്ന ഉപയോഗം അനുഭവപ്പെടുന്ന സമയങ്ങളിലെ കടുത്ത ക്ഷാമം പരിഹരിക്കാൻ പുതിയ കരാർ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. 25 വർഷത്തേക്കാണ് ദീർഘകാല കരാർ ഒപ്പുവെക്കുക.

വെൽസ്പൺ റിനീവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാങ്ങുന്ന വൈദ്യുതി, ഏഴ് പൈസ ട്രേഡിങ് മാർജിനും കൂടി ചേർത്താണ് സോളാർ എനർജി കോർപറേഷൻ കെ.എസ്.ഇ.ബിക്ക് നൽകുക. നിലവിൽ സംസ്ഥാനത്ത് പൊതുതെളിവെടുപ്പ് നടന്ന വേളയിൽ, ആവശ്യമാണെങ്കിൽ 500 മെഗാവാട്ട് വൈദ്യുതി വരെ നൽകാമെന്ന് കോർപറേഷൻ റഗുലേറ്ററി കമീഷനെ അറിയിച്ചിരുന്നു. എന്നാൽ, കെ.എസ്.ഇ.ബി ഇതിനോട് പ്രതികരിച്ചിരുന്നില്ല.

Tags:    
News Summary - Minister says small, people say big; Kerala struggles with power cuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.