സമസ്​തയുടെ പ്രഖ്യാപനം ഹൈദരലി തങ്ങളെ തിരുത്താൻ

കോഴിക്കോട്: സ്ത്രീപുരുഷ സമത്വ വിഷയത്തിൽ വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ ലിംഗസമത്വം ഇസ്ലാമികവിരുദ്ധമാണെന്ന് സമസ്ത മുശാവറക്ക്  (പണ്ഡിത കൂടിയാലോചനാ സഭ) പ്രസ്താവന നടത്തേണ്ടിവന്നത് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളുടെ നിലപാടിനെ തിരുത്താൻ. നവംബർ 30ന് കൊച്ചിയിൽ നടന്ന വനിതാ ലീഗ് ദേശീയ സമ്മേളനത്തിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഹൈദരലി തങ്ങൾ നടത്തിയ പ്രഖ്യാപനമാണ് സമസ്തയെ കുടുക്കിലാക്കിയത്. സ്ത്രീശാക്തീകരണം അനിവാര്യമായ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും വനിതകളെ മുൻപന്തിയിലെത്തിക്കുകയെന്ന ദൗത്യമാണ് മുസ്ലിം ലീഗ് നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് തങ്ങൾ സമ്മേളനത്തിൽ പ്രസ്താവിച്ചത്.
സാമൂഹിക ജീവിതത്തിൽ എല്ലാ മേഖലകളിലും സ്ത്രീകൾ കഴിവുതെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിതെന്നായിരുന്നും പ്രാഗല്ഭ്യമുള്ള  വനിതകൾ നമുക്കുണ്ടെന്നും ഹൈദരലി തങ്ങൾ വ്യക്തമാക്കിയിരുന്നു.

വനിതാ ലീഗിന് ദേശീയ തലത്തിൽ കമ്മിറ്റി രൂപംകൊള്ളുന്ന ഈ ദിനം ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതേ ദിവസം തന്നെയാണ് സ്ത്രീപുരുഷ സമത്വം ഇസ്ലാമിക വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന വിവാദ പ്രസ്താവന  കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കോഴിക്കോട്ട് നടത്തിയത്. എസ്.എസ്.എഫ് കാമ്പസ് മീറ്റിൽ മുഖ്യപ്രഭാഷണത്തിൽ യുദ്ധം, സങ്കീർണ ശസ്ത്രക്രിയകളുൾപ്പെടെ മനക്കരുത്ത് കൂടുതൽ ആവശ്യമുള്ള മേഖലകളിൽ സ്ത്രീക്ക് തിളങ്ങാനാവില്ലെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു. സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുന്നവരെ അത് തെളിയിക്കാൻ കാന്തപുരം വെല്ലുവിളിച്ചു.
സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡൻറും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡൻറും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറിയുമാണ് ഹൈദരലി തങ്ങൾ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡെൻറന്ന നിലയിൽ വനിതാ ലീഗിെൻറ വേദിയിലെ പ്രസ്താവന ഇ.കെ വിഭാഗത്തിനകത്ത് ചർച്ചയായി.

പുരോഗമനാശയക്കാർക്ക് പിന്നാലെ സമസ്ത കേരള ജംഇയ്യതുൽ ഉലമയും പോകുന്നുവെന്ന പ്രചാരണം ശക്തമാണെന്നും ഇത് കാന്തപുരം വിഭാഗത്തിന് കരുത്തുപകരുമെന്ന അഭിപ്രായവും ശക്തമായി. ഈ സാഹചര്യത്തിലാണ് പ്രത്യേക മുശാവറ ചേർന്ന് ഈ വിഷയത്തിൽ ഉറച്ചനിലപാടെടുത്തത്. ലിംഗസമത്വം അനിസ്ലാമികമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി. 
കാന്തപുരത്തെ പ്രതിരോധത്തിലാക്കാൻ ഗൂഢനീക്കം –സമസ്ത
സ്ത്രീപുരുഷ സമത്വവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസംഗവും അഭിമുഖവും തെറ്റായി റിപ്പോർട്ട് ചെയ്ത് കാന്തപുരത്തെയും മുസ്ലിം സമൂഹത്തെയും പ്രതിരോധത്തിലാക്കാനുള്ള ഗൂഢനീക്കങ്ങളിൽ സമസ്തകേരള ജംഇയ്യതുൽ ഉലമ (എ.പി വിഭാഗം) പ്രതിഷേധിച്ചു. കുടുംബജീവിതത്തിലെ സ്ത്രീപുരുഷ ബാധ്യതകളെക്കുറിച്ച് ഇസ്ലാമിെൻറ സമീപനം പറയുന്നതിനിടയിൽ മാതൃത്വത്തിന് ഇസ്ലാം നൽകുന്ന മഹത്വത്തെക്കുറിച്ച് പരാമർശിക്കുകയും പ്രസവവും സന്താനപരിപാലനവും ലോകത്ത് മനുഷ്യകർമങ്ങളിൽ ഏറ്റവും നന്മനിറഞ്ഞതാണെന്ന് പറയുമ്പോൾ സ്ത്രീകൾക്ക് മാത്രമേ പ്രസവിക്കാൻ കഴിയൂ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്ത കാന്തപുരത്തിെൻറ വാക്കുകളെ സ്ത്രീക്ക് പ്രസവിക്കാനേ കഴിയൂ എന്ന് തെറ്റായി റിപ്പോർട്ട് ചെയ്ത് ചില മാധ്യമങ്ങളും നിക്ഷിപ്തകേന്ദ്രങ്ങളും ഏറ്റുപിടിക്കുകയായിരുന്നു.

ഇതര മതവിശ്വാസികൾക്ക് വേദനയുണ്ടാക്കുന്ന ഒരുവാക്കുപോലും കാന്തപുരത്തിെൻറ പരാമർശങ്ങളിൽ ഇല്ലെന്നിരിക്കെ ഇത്തരം പ്രചാരണങ്ങൾ ദേശീയമാധ്യമങ്ങളിൽ ചിലതിലടക്കം പ്രചരിച്ചുവരുന്നതിൽ ദുരൂഹതയുണ്ട്. കാര്യമറിയാതെ പ്രസ്താവനകളിറക്കുന്നവർ ആ പ്രസംഗം പൂർണമായും കേൾക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കണമെന്ന് മുശാവറ അഭിപ്രായപ്പെട്ടു.
ലിംഗവ്യത്യാസം പ്രകൃതിദത്തം –ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ
ലിംഗസമത്വമെന്നപേരിലെ വിവാദങ്ങൾ പ്രകൃതിയാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും  ഇത്തരം വിവാദങ്ങളിൽനിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്നും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ വർക്കിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്ത്രീത്വം പാവനമാണെന്ന് പ്രഖ്യാപിച്ച ഇസ്ലാമിെൻറ നിയമവ്യവസ്ഥകൾക്ക് വിധേയമായി ജീവിക്കാൻ വനിതകൾ തയാറാവണം. മുസ്ലിം വിരോധത്തിെൻറ വിഷമാണ് വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ ചീറ്റുന്നത്. മാൻഹോളിൽ അകപ്പെട്ട  ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ജീവാർപ്പണം ചെയ്ത നൗഷാദിനെപ്പോലും വർഗീയവത്കരിച്ച വെള്ളാപ്പള്ളിയുടെ പരാമർശം മനുഷ്യസമൂഹത്തിന് അപമാനമാണ്. ഇന്ത്യൻ മതേതരത്വത്തിെൻറ അടയാളമായിരുന്ന ബാബരിമസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറ് പ്രാർഥനാദിനമായി ആചരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.