എയ്ഡഡ് പ്രീ പ്രൈമറി: അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയില്ല -ഹൈകോടതി

കൊച്ചി: എയ്ഡഡ് സ്കൂളുകളോടുചേർന്ന് പ്രവർത്തിക്കുന്ന പ്രീ പ്രൈമറികളിലെ അധ്യാപകർക്കും ആയമാർക്കും അടിസ്ഥാന ശമ്പളം നൽകാനുള്ള ബാധ്യത സർക്കാറിനില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്. ഈ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട മാനേജ്മെൻറുകൾക്കാണെന്ന സിംഗ്ൾ ബെഞ്ച് ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ആൻറണി ഡൊമിനിക്, ജസ്റ്റിസ് പി.വി. ആശ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
സർക്കാർ സ്കൂളിൽ നടത്തുന്ന പ്രീ പ്രൈമറികളുടെ അധ്യാപകർക്കും ആയമാർക്കും 5000, 3500 രൂപ വീതം ശമ്പളം നൽകാൻ ഹൈകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എയ്ഡഡ് സ്കൂളിലെ പ്രീ പ്രൈമറി ജീവനക്കാർക്കും ഉത്തരവ് ബാധകമാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും ആയമാരും കോടതിയെ സമീപിച്ചത്. എയ്ഡഡ് സ്കൂളുകളിലെ പി.ടി.എകളെ സർക്കാർ അംഗീകരിച്ചിരിക്കെ അവർ നടത്തുന്ന പ്രീ പ്രൈമറി അധ്യാപകരുടെ ശമ്പളവും സർക്കാർ നൽകണം, പ്രീ പ്രൈമറി സ്കൂൾ എംപ്ലോയീസ് റെഗുലേഷൻ 2000 അനുസരിച്ച് സർക്കാർ ശമ്പളം നൽകാൻ ബാധ്യസ്ഥരാണ്, പ്രീ പ്രൈമറി സ്കൂളുകളെ അവഗണിക്കുന്നത് 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിെൻറ ലംഘനമാണ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.

സർക്കാർ സ്കൂളിന് കീഴിലെ പ്രീ പ്രൈമറിക്ക് ഹൈകോടതി ഇടപെടലിലൂടെ അനുവദിച്ചതിന് സമാന ശമ്പളം മാനേജ്മെൻറുകൾ അവർക്ക് കീഴിലെ പ്രീ പ്രൈമറി സ്കൂളുകളിലും നൽകുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന നിർദേശവും സിംഗ്ൾ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു. അപ്പീൽ ഹരജിയിലും സമാനവാദമാണ് ഹരജിക്കാർ ഉന്നയിച്ചത്. എന്നാൽ, കേരള വിദ്യാഭ്യാസ നിയമത്തിലും ചട്ടത്തിലും പ്രീ പ്രൈമറി വിഭാഗം ഉൾപ്പെടുന്നില്ലെന്ന് സർക്കാറിനുവേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.എ. ജലീൽ ചൂണ്ടിക്കാട്ടി. പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ടുവിഭാഗം മാത്രമാണ് നിയമപ്രകാരമുള്ളത്.

സർക്കാർ സഹായം നൽകുന്നതും ഈ രണ്ട് വിഭാഗങ്ങൾക്ക് മാത്രമാണ്. എയ്ഡഡ് സ്കൂളുകളോടനുബന്ധിച്ച് പ്രീ പ്രൈമറി സ്കൂളുകൾ തുടങ്ങാൻ മാനേജ്മെൻറിനോ പി.ടി.എകൾക്കോ അനുമതി നൽകിയിട്ടില്ല. സർക്കാർ സ്കൂളുകളുടെ മാനേജ്മെൻറ് സർക്കാറായതിനാൽ അവിടെ പ്രീ പ്രൈമറി സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടത്തിനെന്ന പോലെ ശമ്പളം നൽകാനുള്ള ബാധ്യതയും സർക്കാറിനാണ്. എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി ജീവനക്കാരും സർക്കാറും തമ്മിൽ തൊഴിലുടമ–തൊഴിലാളി ബന്ധം നിലനിൽക്കുന്നില്ല. അതിനാൽ, ഹരജിക്കാർക്ക് ശമ്പളം നൽകാനുള്ള ബാധ്യത സർക്കാറിനല്ലെന്നും മാനേജ്മെൻറിനാണെന്നും സർക്കാർ വ്യക്തമാക്കി.

മാനേജ്മെൻറുകൾ അധ്യാപകർക്കും ആയമാർക്കും ശമ്പളം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു.  ഇക്കാര്യം ഉറപ്പുവരുത്താനും അല്ലാത്തവർക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ട് ഒക്ടോബർ ഒന്നിന് വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതായി സർക്കാർ വ്യക്തമാക്കി. നവംബർ നാലിന് ഉപ വിദ്യാഭ്യാസ ജില്ലാ ഓഫിസർമാർക്ക് ഡയറക്ടറും നടപടി ആവശ്യപ്പെട്ട് ഉത്തരവുകൾ നൽകിയിട്ടുണ്ട്. സർക്കാർ വാദം അംഗീകരിച്ച ഡിവിഷൻ ബെഞ്ച് തുടർന്ന് അപ്പീൽ ഹരജികൾ തള്ളുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.