തിരുവനന്തപുരം: ക്ഷാമബത്ത വാങ്ങിയെടുക്കേണ്ടത് കോടതിയിൽ പോയല്ലെന്നും സർക്കാരിന്റെ ഭരണപരമായ തീരുമാനത്തിലാണ് അവ നൽകുന്നതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നെന്ന വാർത്തകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെ നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ജീവനക്കാരും പെൻഷൻകാരും ആശങ്കപ്പെടേണ്ടതില്ല. ശമ്പള പരിഷ്കരണം നടപ്പാക്കിയതിന്റെ കുടിശിക സർക്കാർ ഘട്ടങ്ങളായി നൽകിവരുന്നുണ്ട്. ജീവനക്കാരുടെ ഡി.എ വെട്ടിക്കുറക്കുകയും ലീവ് സറണ്ടർ നിർത്തുകയും ചെയ്‌ത 2002ലെ എ.കെ. ആന്റണി സർക്കാറിനെ പോലെയല്ല ഇടതു സർക്കാർ. ഈ വർഷം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് മാത്രം കിട്ടിയാൽ തീർക്കാവുന്ന കുടിശ്ശികയേയുള്ളൂ.
കേരളത്തിനുള്ള രണ്ടുലക്ഷം കോടിയോളം രൂപയുടെ വരുമാന സ്രോതസാണ് കേന്ദ്രം ഇല്ലാതാക്കിയത്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനമായപ്പോൾ വായ്‌പയെടുക്കാമായിരുന്നതിൽനിന്ന് 6000കോടി വെട്ടിക്കുറച്ചു. അതിന്റെ ഭാഗമായാണ് അഞ്ചുമാസം ക്ഷേമപെൻഷൻ കുടിശ്ശികയായത്. യു.ഡി.എഫായിരുന്നു അധികാരത്തിലെങ്കിൽ ശമ്പളവും പെൻഷനും മുടങ്ങിയേനെ.
സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാനും സ്ത്രീസുരക്ഷ പദ്ധതി, യുവാക്കൾക്കുള്ള കണക്ട് ടു വർക്ക് തുടങ്ങിയവ ആരംഭിക്കാനും കഴിഞ്ഞു. ക്ഷേമപെൻഷൻ ഇനിയും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.