റേഷൻകടകളിലെ മട്ടയരിയുടെ ഗുണമേന്മയിൽ ​ക്രമക്കേട്: പാഡി മാനേജരെ മാതൃവകുപ്പിലേക്ക് മാറ്റി

പാലക്കാട്: റേഷൻകടകളിലേക്കുള്ള മട്ടയരിയുടെ ഗുണമേന്മയിൽ ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് പാഡി മാനേജരെ മാതൃവകുപ്പിലേക്കു മാറ്റി. സപ്ലൈകോ നെല്ല് സംഭരണ പാഡി മാനേജരുടെ അധികചുമതലയുള്ള ആലത്തൂർ പാഡി മാർക്കറ്റിങ് ഓഫിസറും (പി.എം.ഒ) പാഡി ഗുണമേന്മ ഉറപ്പാക്കൽ ഓഫിസറുമായ (പി.ക്യു.എ.ഒ) ജി. കവിതയെയാണ് മാതൃവകുപ്പിലേക്ക് തിരികെ അയച്ചത്. കൊല്ലങ്കോട്ടെ സ്വകാര്യ മിൽ സംഭരിച്ച നെല്ല് അരിയാക്കിയതിന്‍റെ അരി ഗുണമേന്മ പരിശോധന‍യിൽ കൃത്രിമം കാണിച്ചതിനാണ് നടപടി.

പുഴുവരിക്കുന്ന അരി തിരിച്ചെടുത്ത് പകരം ഗുണമേന്മയുള്ള അരി വേണമെന്ന് മില്ലുകാരോട് ഡിപ്പോ മാനേജർ ആവശ്യപ്പെട്ടു. അരി തിരിച്ചയക്കരുതെന്നാവശ്യപ്പെട്ട് പി.ക്യു.എ.ഒ ഡിപ്പോ മാനേജരോട് ഫോണിൽ സംസാരിച്ചത് സപ്ലൈകോ വിജിലൻസ് കണ്ടെത്തി. വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സപ്ലൈകോ ജനറൽ മാനേജരാണ് നടപടിക്ക് ശിപാർശ ചെയ്തത്.

കർഷകരിൽനിന്ന് 100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ പതിരില്ലാത്ത ഗുണമേന്മയുള്ള അരി സപ്ലൈകോ നിർദേശിച്ച സ്ഥലത്ത് മില്ലുടമകൾ എത്തിക്കണം. ഈ അരിയുടെ ഗുണമേന്മ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പി.ക്യു.എ.ഒനാണ്. മറ്റു വകുപ്പുകളിൽനിന്ന് വന്ന ജീവനക്കാർ സപ്ലൈകോയിൽ ക്രമക്കേട് നടത്തി പിടിക്കപ്പെട്ടാൽ ശിക്ഷ മാതൃവകുപ്പിലേക്ക് മടക്കിയയക്കൽ മാത്രമാണെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു.

കൃഷി, പൊതുവിതരണം വകുപ്പുകളിൽനിന്നാണ് കൂടുതൽ ജീവനക്കാർ സപ്ലൈകോയിൽ എത്തുന്നത്. നെല്ല് സംഭരണത്തിൽ പി.എം.ഒ., പി.ക്യു.എ.ഒ തസ്തികകളിൽ നിയമിക്കപ്പെടുന്നത് കൃഷിവകുപ്പിൽ നിന്നുള്ളവരാണ്. മുമ്പും സംഭരണക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥൻ പിടിക്കപ്പെട്ടതോടെ മാതൃവകുപ്പിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും മറ്റു നടപടികളുണ്ടായില്ലെന്നും പറയുന്നു.

Tags:    
News Summary - Irregularities in the quality of rice in ration shops: Paddy manager transferred to the parent department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.