വിസ്മയ കേസിന്‍റെ കാര്യം പറഞ്ഞ് വെല്ലുവിളിച്ചു, വീടിന് പുറത്തേക്കിറങ്ങിയ കിരൺ കുമാറിനെ മർദിച്ചു; നാലുപേർക്കെതിരെ കേസ്

കൊല്ലം: സ്‌ത്രീധന പീഡനത്തെത്തുടർന്ന് ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ കേസിലെ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് മർദനമേറ്റു. സംഭവത്തിൽ പ്രദേശവാസികളായ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കിരൺ കുമാറിന്‍റെ വീടിന് മുന്നിലൂടെ പോകുകയായിരുന്ന പ്രദേശവാസികളായ നാലുപേർ വിസ്മയ കേസിന്‍റെ കാര്യം പറഞ്ഞ് പ്രകോപനമുണ്ടാക്കി. വീടിന് പുറത്തിറങ്ങാൻ വെല്ലുവിളിച്ചു. കിരൺ കുമാർ വീടിന് പുറത്തേക്കിറങ്ങി ചെന്നതോടെ യുവാക്കൾ മർദിക്കുകയായിരുന്നു.

കിരണിനെ അടിച്ച് വീഴ്ത്തി മൊബൈൽ കവർന്നതായും പരാതിയുണ്ട്. സംഭവത്തിന് വിസ്മയ കേസുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

2021 ജൂൺ 21നാണ്‌ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവും അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാർ അറസ്റ്റിലായി. 100 പവൻ സ്വർണം, ഒരേക്കർ വസ്‌തു, 12 ലക്ഷം രൂപയുടെകാർ എന്നിവയാണ്‌ വിസ്‌മയക്ക് സ്ത്രീധനമായി നൽകിയിരുന്നത്‌. ആറുമാസം തികയും മുമ്പ്‌ കാർ മോശമാണെന്നും മറ്റൊന്നു വാങ്ങാൻ 10 ലക്ഷം നൽകണമെന്നും കിരൺ ആവശ്യപ്പെട്ടിരുന്നു.

അറസ്റ്റിലായ കിരൺ കുമാറിനെ ജോലിയിൽനിന്ന് മോട്ടോർവാഹന വകുപ്പ് സസ്പെൻഡ്‌ ചെയ്തിരുന്നു. പിന്നീട് ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. കേസിൽ കിരൺ കുമാറിന് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.

Tags:    
News Summary - Vismaya case accused Kiran Kumar beaten up by youths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.