തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കായി ശബ്ദമുയർത്തുന്നതും അവർ വേട്ടയാടപ്പെടുന്നിടത്ത് ഓടിയെത്തുന്നതും ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾക്ക് ജീവിതം ദുസ്സഹമാകുന്ന അവസ്ഥയാണ് രാജ്യത്തിന്‍റെ പലഭാഗങ്ങളിലുമുള്ളത്. ക്രൈസ്തവ സമൂഹത്തിനെതിരെയും അതിക്രമങ്ങളുണ്ടാകുന്നു. എന്നാൽ കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ വേവലാതിപ്പെടേണ്ട കാര്യമില്ല.
സംസ്ഥാനത്ത് ഒരു പതിറ്റാണ്ടായി വർഗീയ സംഘർഷങ്ങളില്ലാത്തത് സർക്കാർ തുടരുന്ന സമീപനത്തിന്‍റെ ഭാഗമാണ്. കേരളത്തിൽ മുൻകാലങ്ങളിൽ നിരവധി വർഗീയ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പേൾ അത് തീർത്തും മാറ്റി നിർത്താൻ നമുക്ക് സാധിച്ചു. എല്ലാ വർഗീതയയോടും കർക്കശ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണത്. തെറ്റുചെയ്യുന്നരെ സംരക്ഷിക്കില്ല എന്ന നിലപാട് സർക്കാർ സ്വീകരിച്ചു. . ന്യൂനപക്ഷങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഒരുവിവേചനവും കേരളത്തിൽ ഉണ്ടാകുന്നില്ല. അധികാരത്തിൽ ചിലർ ഉണ്ടായാൽ മാത്രമേ ന്യൂനപക്ഷങ്ങൾക്ക് അർഹമായത് കിട്ടൂവെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ എല്ലാ വിഭാഗത്തിനും ഒരുപോലെ ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചു. മതേതരത്വ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് നിൽക്കേണ്ട കാലമാണിത്.
വർഗീയത ആപത്തേ സൃഷ്ടിക്കൂ. വർഗീയതയുമായി വിട്ടുവീഴ്ച പാടില്ല എന്ന കാഴ്ചപ്പാടാണ് സർക്കാറിനുള്ളത്. ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയതകൊണ്ട് കഴിയില്ല എന്ന് നാം തിരിച്ചറിയണം. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയതകൊണ്ട് ചെറുക്കാമെന്ന് ന്യൂനപക്ഷത്തിലെ ഒരുകൂട്ടർ ശ്രമിച്ചാൽ അത് ആത്മഹത്യാപരമാവും. വർഗീതയോട് മൃദുസമീപനം സ്വീകരിക്കാൻ കഴിയില്ല. രാജ്യത്തിലെ പലഭാഗത്തും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും കേരളം ശാന്തിതീരമായി നിലകൊള്ളുന്നത് മതനിരപേക്ഷ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതുകൊണ്ടാണ്. അത് ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.