പതിനാലുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ. സ്കൂൾ ബാഗ് സമീപത്ത്
വണ്ടൂര്‍ (മലപ്പുറം): പതിനാലുകാരിയുടെ മൃതദേഹം കഴുത്തില്‍ മുറിവേറ്റ നിലയിൽ റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തി. കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയിൽവേ പാതയിലെ തൊടികപ്പുലം, വാണിയമ്പലം സ്റ്റേഷനുകൾക്കിടയിലുള്ള പുള്ളിപ്പാടത്തെ കുറ്റിക്കാട്ടിൽ വെള്ളിയാഴ്ച രാവിലെ 11 ഓടെ കണ്ടെത്തിയത്. സംഭവത്തിൽ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനി അവിടെയെത്തിയിരുന്നില്ല. വൈകീട്ട് വീട്ടിലെത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ കരുവാരകുണ്ട് പൊലീസില്‍ പരാതി നൽകി. രാത്രി തന്നെ പൊലീസും നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. എന്നാല്‍, സുഹൃത്തായ പതിനാറുകാരൻ വ്യാഴാഴ്ച രാത്രി തന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ യൂനിഫോമിലായിരുന്ന വിദ്യാര്‍ഥിനിയുടെ കൈകള്‍ മുൻവശത്തേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വായില്‍ തുണി തിരുകിയ നിലയിലായിരുന്ന മൃതദേഹത്തിന് സമീപത്ത് സ്‌കൂള്‍ ബാഗുമുണ്ടായിരുന്നു.
സ്ഥലത്തെത്തിയ ആൾക്കൂട്ടം
വ്യാഴാഴ്ച സ്‌കൂള്‍ ഗേറ്റ് വരെ വിദ്യാര്‍ഥിനിയെത്തിയതായി സി.സി.ടി.വി പരിശോധനയില്‍ വ്യക്തമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറോടെ അമ്മയുടെ ഫോണിലേക്ക് മറ്റേതോ നമ്പറില്‍ നിന്ന് വിളിച്ച് ഇപ്പോള്‍ വരുമെന്ന് പെണ്‍കുട്ടി പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. പൊലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇത് തൊടികപ്പുലത്തായിരുന്നു. വിദ്യാർഥിനി വിളിച്ച ഈ നമ്പര്‍ പിന്നീട് സ്വിച്ച് ഓഫായി. രാത്രി പൊലീസ് തൊടികപ്പുലത്തെത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനാകാതെ മടങ്ങി. പിന്നീടാണ് വിദ്യാര്‍ഥിനിയുടെ സുഹൃത്ത് ഇവിടെയുണ്ടായിരുന്നെന്ന വിവരം നാട്ടുകാരില്‍ നിന്ന് ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധ മൊഴികളാണ് ആദ്യം നൽകിയത്. വൈകീട്ട് ആറര വരെ പെണ്‍കുട്ടി കൂടെയുണ്ടായിരുന്നെന്നും പിന്നീട് ട്രെയിനില്‍ പോയെന്നുമാണ് ആദ്യം പറഞ്ഞത്. തങ്ങള്‍ രണ്ടുപേരും കൂടി ട്രെയിനില്‍ പോയി തൊടികപ്പുലത്ത് നിന്ന് രണ്ട് വഴിക്ക് പിരിഞ്ഞെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. പിന്നെ പെണ്‍കുട്ടി മറ്റാരുടേയോ കൂടെ പോയെന്ന് പറഞ്ഞ സുഹൃത്ത് ഒടുവില്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയെ താൻ മാനഭംഗപ്പെടുത്തിയതായും പൊലീസിനോട് പറഞ്ഞു.
ലഹരിക്കടിമായ ഈ സുഹൃത്തുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും സ്റ്റേഷനില്‍ പരാതി നൽകുകയും ചെയ്തിരുന്നു. ബന്ധം അവസാനിപ്പിക്കാനുള്ള ധാരണയായതായും പറയുന്നു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. തൃശൂര്‍ റേഞ്ച് ഐ.ജി അരുൺ കൃഷ്ണ അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു. കെ. അബ്രഹാം ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വൈകീട്ടോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.