ഫ്ലാറ്റ് മാഫിയക്കുമുന്നിൽ സർക്കാർ മുട്ടുമടക്കി; ബഹുനില കെട്ടിട നിർമാണത്തിന് ഇളവ്

തിരുവനന്തപുരം: സുരക്ഷാമാനദണ്ഡങ്ങൾ പരിഗണിക്കാതെ ബഹുനില കെട്ടിടങ്ങൾ പണിതുയർത്തിയ ഫ്ലാറ്റ് ഉടമകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കി. ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നാഷനൽ ബിൽഡിങ് കോഡ് (എൻ.ബി.സി ) സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്ന് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള കെട്ടിട നിർമാണചട്ടത്തിെൻറ അടിസ്ഥാനത്തിൽ അനുമതി നൽകാനാണ് പുതിയ തീരുമാനം. കെട്ടിടങ്ങൾക്ക് അനുമതി നൽകേണ്ട അധികാരം ഫയർ ആൻഡ് റെസ്ക്യൂ സർവിസസിനല്ലെന്നും മന്ത്രിസഭ വിലയിരുത്തി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശപ്രകാരമാണ് തീരുമാനമെന്നാണ് പറയുന്നതെങ്കിലും ഫ്ലാറ്റുകാരുമായുള്ള ഒത്തുകളിയാണ് പിന്നിലെന്നാണ് ആക്ഷേപം. മുൻ ഫയർഫോഴ്സ് മേധാവി ഡോ. ജേക്കബ് തോമസ് എൻ.ബി.സി പാലിച്ച കെട്ടിടങ്ങൾക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്ന് കർശന നിലപാടെടുത്തതോടെ സംസ്ഥാനത്ത് 77ഓളം കെട്ടിടങ്ങൾക്ക് എൻ.ഒ.സി നിഷേധിക്കപ്പെട്ടിരുന്നു. ഇതോടെ ഫ്ലാറ്റുകാർ വെട്ടിലായി.

സമ്മർദമുണ്ടായിട്ടും ജേക്കബ് തോമസ് വഴങ്ങിയില്ല. അദ്ദേഹത്തെ ഫയർഫോഴ്സിൽനിന്ന് മാറ്റി സർക്കാർ താൽപര്യം നടപ്പാക്കുന്നതിന് എ.ഡി.ജി.പി അനിൽകാന്തിനെ കൊണ്ടുവന്നെങ്കിലും കാര്യങ്ങൾ എളുപ്പമായില്ല. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകാൻ സാധിക്കില്ലെന്ന് ഫയർഫോഴ്സ് ഡയറക്ടർ (ടെക്നിക്കൽ) നിലപാടെടുത്തതോടെ അനിൽകാന്തും കുടുങ്ങി. ടെക്നിക്കൽ ഡയറക്ടറാണ് പരിശോധന നടത്തി എൻ.ഒ.സി നൽകേണ്ടത്. എന്നാൽ, വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് സർക്കാറും അനിൽകാന്തും സമ്മർദം തുടർന്നു. അനുമതി നൽകണമെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കണമെന്ന് ഡയറക്ടർ നിലപാട് കടുപ്പിച്ചതോടെ അനിൽകാന്ത് വിഷയം സർക്കാറിനെ ധരിപ്പിച്ചു.

ഇതേത്തുടർന്നാണ് ചീഫ് സെക്രട്ടറി,  ആഭ്യന്തരസെക്രട്ടറി, ഫയർഫോഴ്സ് മേധാവി എന്നിവരെ ഉൾപ്പെടുത്തി സബ്കമ്മറ്റി രൂപവത്കരിച്ചത്. കമ്മിറ്റി യോഗത്തിൽ ടെക്നിക്കൽ ഡയറക്ടറുടെ നിർദേശം നടപ്പാക്കണമെന്ന നിലപാടാണ് ആഭ്യന്തര സെക്രട്ടറി കൈക്കൊണ്ടത്. എന്നാൽ, ഇത് അവഗണിക്കാൻ സർക്കാർ നിർദേശം നൽകി. തുടർന്നാണ് സംസ്ഥാന കെട്ടിടനിർമാണ ചട്ടം മാത്രം നിഷ്കർഷിക്കാൻ ചീഫ് സെക്രട്ടറി ശിപാർശ നൽകിയത്. ഇതോടെ ജേക്കബ് തോമസ് അനുമതി നിഷേധിച്ച കെട്ടിടങ്ങൾക്കെല്ലാം എൻ.ഒ.സി ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.