തിരുവനന്തപുരം: അതിരുവിട്ട ആഘോഷത്തിന്‍െറ ഇരയായ പ്രിയ കൂട്ടുകാരിയുടെ ചേതനയറ്റ ശരീരത്തിനുമുന്നില്‍ വിങ്ങിപ്പൊട്ടി തലസ്ഥാനത്തെ എന്‍ജിനീയറിങ് കാമ്പസ്. ഓണാഘോഷത്തിന്‍െറ കളിചിരികള്‍ മുഴങ്ങിയ കാമ്പസ് വെള്ളിയാഴ്ച വേര്‍പാടിന്‍െറ നോവുഭാരത്തിലായിരുന്നു.
ശ്രീകാര്യം സി.ഇ.ടി എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് മരിച്ച വിദ്യാര്‍ഥിനി തസ്നി ബഷീറിന് കാമ്പസ് യാത്രാമൊഴി ചൊല്ലി. വെള്ളിയാഴ്ച ഉച്ചക്ക് കാമ്പസിലത്തെിച്ച മൃതദേഹം വിതുമ്പലോടെയാണ് കൂട്ടുകാര്‍ ഏറ്റുവാങ്ങിയത്. ബുധനാഴ്ച വൈകീട്ട് കാമ്പസിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി മലപ്പുറം, നിലമ്പൂര്‍ വഴിക്കടവ് പഞ്ചായത്ത് അങ്ങാടിക്കുന്നത്ത് പുല്ലാഞ്ചേരി വീട്ടില്‍ ബഷീറിന്‍െറ മകള്‍ തസ്നി (20) വ്യാഴാഴ്ച അര്‍ധരാത്രിയാണ് മരിച്ചത്.
വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമടങ്ങുന്ന വന്‍ ജനസഞ്ചയം രാവിലെ മുതല്‍ കോളജിലും പരിസരത്തും കാത്തുനിന്നിരുന്നു. സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു പലരും. രാവിലെ 10.30ന് ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ 11ന് പൂര്‍ത്തിയായി. തുടര്‍ന്ന് ചാലക്കുഴി മസ്ജിദിലത്തെിച്ച് കുളിപ്പിച്ച് കഫന്‍ ചെയ്ത് 12.30ഓടെയാണ് കോളജിലത്തെിച്ചത്. 12.55 വരെ കാമ്പസില്‍ പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്ന് സ്വദേശമായ നിലമ്പൂര്‍ വഴിക്കടവിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെ ഒമ്പതിന് വഴിക്കടവ് മണിമൂളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. പിതാവ് ബഷീര്‍ വെള്ളിയാഴ്ച രാവിലെ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് മടങ്ങി. സനുജയാണ് മാതാവ്. മുഹമ്മദ് റാഫി (കാര്‍ഡിയോഗ്രാഫി ടെക്നോളജി വിദ്യാര്‍ഥി), ഫാത്വിമ റാഹില (ഒമ്പതാം ക്ളാസ്), അമീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്ര കടന്നുപോകുന്നതിനിടെ ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. ക്ളാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന തസ്നിയെ റാലിയിലുണ്ടായിരുന്ന ജീപ്പ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. പുറത്ത് കാര്യമായ പരിക്കില്ലായിരുന്നു. എന്നാല്‍ തലയില്‍ ആന്തരിക രക്തസ്രാവവും തലയോട്ടിക്ക് ക്ഷതവുമുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം ശ്രദ്ധയില്‍പെട്ടത്. അവിടെ വെന്‍റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ മൂന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.