അമ്മ തടവറയില്‍; നെഞ്ചുനീറി ചിന്നു

കല്‍പറ്റ: മലയച്ചന്‍കൊല്ലി കോളനിയിലെ വീടിന്‍െറ മുറ്റത്ത് മണ്ണില്‍ കളിക്കുകയാണ് ചിന്നു. സന്തതസഹചാരിയായ പൂച്ചക്കുട്ടി നിഴല്‍പോലെ കൂടെയുണ്ട്. അപരിചിതരെ കണ്ടപ്പോള്‍ പൂച്ചക്കുഞ്ഞിനെയുമെടുത്ത് ചിന്നു വീടിനകത്തേക്ക് വലിഞ്ഞു. പിന്നീട് അമ്മമ്മയുടെ മുണ്ടിന്‍തുമ്പില്‍ തൂങ്ങി വരാന്തയില്‍ പ്രത്യക്ഷപ്പെട്ടു. ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി കാമറക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ നെഞ്ചുകീറി അവളുടെ ജീവന്‍ തിരിച്ചുപിടിച്ചതിന്‍െറ അടയാളങ്ങള്‍ തെളിഞ്ഞുനിന്നു. ദൈന്യത മുറ്റിനില്‍ക്കുന്ന ആ കുഞ്ഞുമുഖം അഞ്ചു മാസമായി വല്ലാതെ സങ്കടപ്പെട്ടിരിക്കുകയാണെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. രോഗശയ്യയില്‍നിന്ന് ഉയിര്‍പ്പിന്‍െറ വഴിയിലേക്ക് മാറിസഞ്ചരിക്കുന്ന ഈ നിര്‍ണായകസന്ധിയില്‍ അവളുടെ അമ്മയും അച്ഛനും കൂടെയില്ല. ഇരുവരും കുറെ നാളായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. വിവാദമായ അമ്പലവയല്‍ മലയച്ചന്‍കൊല്ലി പീഡനക്കേസില്‍ പ്രതികളായി അറസ്റ്റുചെയ്ത് ജയിലിലടക്കപ്പെട്ട പൗലോസിന്‍െറയും ബിന്ദുവിന്‍െറയും മകളാണ് നാലുവയസ്സുകാരിയായ ചിന്നു. കന്‍ജെനിറ്റല്‍ കാര്‍ഡിയാക് രോഗം ബാധിച്ച് എല്ലുംതോലുമായി മാറിയ ചിന്നുവിന്‍െറ നിലനില്‍പുതന്നെ ത്രിശങ്കുവിലായ നാളുകളുണ്ടായിരുന്നു. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്‍ററില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഈ ആദിവാസി ബാലിക രോഗമുക്തി നേടിയത്. ചികിത്സ കഴിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം വയനാട്ടില്‍ തിരിച്ചത്തെിയ ചിന്നുവിന് തുടര്‍ചികിത്സ ആവശ്യമായിരുന്നു.
മരുന്നും ഗുളികകളുമൊക്കെ മുറതെറ്റാതെ കഴിക്കുന്നതിനിടയിലാണ് പൗലോസും ബിന്ദുവും അറസ്റ്റിലാകുന്നത്. ഇതോടെ ചിന്നുവിന്‍െറ തുടര്‍ ചികിത്സയും അവതാളത്തിലായി. ബിന്ദുവിന്‍െറ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ ചിന്നുവും ചേട്ടന്‍ ഷിജുവും കഴിയുന്നത്. മുലകുടി മാറാത്ത ഒന്നരവയസ്സുള്ള ഇളയകുട്ടിയെ ആദ്യം ബിന്ദുവിനൊപ്പം കൊണ്ടുപോകാന്‍ അധികൃതര്‍ തയാറായിരുന്നില്ല. ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്ന് അധികൃതര്‍ ഇളയകുഞ്ഞിനെ ജയിലിലത്തെിക്കുകയായിരുന്നു. ബിന്ദുവിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ കുഞ്ഞിന്‍െറ തുടര്‍ചികിത്സയെ ബാധിക്കുന്നുവെന്ന് കോളനിക്കാര്‍ പറയുന്നു. ഉറങ്ങാതെ രാത്രികളില്‍ കരഞ്ഞിരിക്കുകയാണ് കുഞ്ഞ്. രാവിലെ കൂലിപ്പണിക്ക് പോകുന്ന മുത്തച്ഛനും മുത്തശ്ശിക്കും ചിന്നുവിന്‍െറ ചികിത്സക്ക് പിന്നാലെ പോകാന്‍ കഴിയുന്നില്ല. അഞ്ചു മാസമായിട്ടും ജയിലഴികള്‍ക്കുള്ളില്‍തന്നെ കഴിയുന്ന ബിന്ദുവിനെ ജാമ്യത്തിലിറക്കാന്‍ തയാറായി ആരും മുന്നോട്ടുവരാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. കേസില്‍ പ്രതിയായ ഭര്‍ത്താവ് പൗലോസിനെ സഹായിച്ചതാണ് ബിന്ദുവിന്‍െറ പേരിലുള്ള കുറ്റം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.