വിഷ പച്ചക്കറി പരിശോധന തകിടം മറിഞ്ഞു

തൊടുപുഴ: വിഷംതളിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്നത്തെുന്ന പച്ചക്കറികളുടെ പരിശോധന തകിടം മറിഞ്ഞു. ജീവനക്കാരുടെ അഭാവവും അമിത ജോലിഭാരവും മൂലമാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ പരിശോധന നിലച്ചത്. തമിഴ്നാട്ടില്‍നിന്ന് എത്തുന്ന വിഷം കലര്‍ന്ന പച്ചക്കറികള്‍ നിയന്ത്രിക്കാന്‍ ചൊവ്വാഴ്ച മുതല്‍ ഫുഡ്സേഫ്റ്റി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വരുന്ന വാഹനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ് മൂലം പരിശോധനയില്ലാതെയാണ് ബോഡിമെട്ട്, കമ്പംമെട്ട് എന്നീ ചെക്പോസ്റ്റുകളിലൂടെ വ്യാഴാഴ്ച വാഹനങ്ങള്‍ കടന്നുപോയത്.
തമിഴ്നാട്ടില്‍നിന്ന് കുമളി, ബോഡിമെട്ട്, കമ്പംമെട്ട് എന്നീ ചെക് പോസ്റ്റുകള്‍ വഴിയാണ് പ്രധാനമായി പച്ചക്കറി വാഹനങ്ങള്‍ എത്തുന്നത്. ബുധനാഴ്ച രാത്രി ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രമാണ് ചെക്പോസ്റ്റുകളില്‍ പരിശോധിച്ചത്. ജില്ലയില്‍ അഞ്ചു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണ് ഉള്ളത്. ഇതിനിടെ ഓണക്കാലത്തെ സാമ്പ്ള്‍ പരിശോധന, പാല്‍, പലവ്യഞ്ജന പരിശോധന എന്നിവയും നടത്തണം. ഇത് ജീവനക്കാരില്‍ അമിത ജോലി ഭാരമാണ് സൃഷ്ടിക്കുന്നത്. ഒരു നിയോജകമണ്ഡലത്തില്‍ ഒന്നുവീതം എന്ന കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 140 ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളാണുള്ളത്.
ഇവിടങ്ങളില്‍ 146 ഓഫിസര്‍മാരുടെ ഒഴിവുണ്ടെങ്കിലും 82 സര്‍ക്കിളുകളിലും ഓഫിസര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പച്ചക്കറികളുടെ പരിശോധനക്കൊപ്പം ഓണക്കാലത്തെ ഭക്ഷ്യ വസ്തുക്കളിലെ പരിശോധനയും ഇതോടെ താളംതെറ്റുന്ന സ്ഥിതിയാണ്. വിവിധ ജില്ലകളില്‍ കഴിഞ്ഞ ഓണക്കാലത്ത് വിറ്റഴിച്ച പല ഭക്ഷ്യവസ്തുക്കളിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കള്‍ കലര്‍ന്നതായി കണ്ടത്തെിയിരുന്നു.
ഇടുക്കി ജില്ലയില്‍നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമം നടത്തിയശേഷമാണ് വിറ്റഴിച്ചതെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ഓണക്കാലത്ത് ശേഖരിച്ച സാമ്പ്ളുകളില്‍നിന്ന് കണ്ടത്തെി. പരിശോധനകള്‍ പ്രഹസനമായതോടെ ഈ ഓണക്കാലത്തും കീടനാശിനിയില്‍ മുങ്ങിയ പച്ചക്കറികളും മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളും മലയാളിയുടെ തീന്‍മേശയില്‍ എത്തുമെന്ന് ഉറപ്പായി. അമിതജോലി ഭാരം മൂലം ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ ദൈനംദിന പരിശോധനകള്‍ താളം തെറ്റിയതായി ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.