കോഴിക്കോട് :ഭൂരഹിതരായ 5000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനായി ഭൂമി വാങ്ങാൻ സഹായം നൽകുന്നതിനായി 170 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിൽ അതിദാരിദ്ര്യ സർവേ 2021-22 പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
പ്രീ-മെട്രിക് സ്കോളർഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന വിഹിതമായി എട്ട് കോടി രൂപ വകയിരുത്തി. സംഘടിത മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് വേണ്ടി വിവിധ വികസന വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികൾക്കായി 60 കോടി രൂപ വകയിരുത്തി.
കേരളത്തിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ വിവിധ പ്രവർത്തനങ്ങൾക്കായി 17 കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗക്കാരുടെ ബിസിനസ് സംരംഭങ്ങൾ വിപുലീകരിക്കുന്നതിന് സഹായം നൽകുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന സമൃദ്ധി കേരളം പദ്ധതിക്കുവേണ്ടി 10 കോടി രൂപ വകയിരുത്തി.
പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങളുടെ പൂർത്തിയാകാത്ത ഭവനങ്ങളുടെ പൂർത്തീകരണത്തിനും, ജീർണിച്ച ഭവനങ്ങളുടെ മെച്ചപ്പെടുത്തലിനും, പഠനമുറികളുടെ നിർമാണത്തിനുമായി ആവിഷ്കരിച്ച സേഫ് പദ്ധതിക്കായി 240 കോടി വകയിരുത്തി. പട്ടികജാതിക്കാരിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വേടൻ, നായാടി, കള്ളാടി, അരുന്ധതിയാർ, ചക്കീലിയർ എന്നീ വിഭാഗക്കാരുടെ പുനരധിവാസത്തിനായും സാമ്പത്തിക ഉന്നമനത്തിനായുമുള്ള വിവിധ വികസന പരിപാടികൾ നടപ്പാക്കുന്നതിനായി 51 കോടി രൂപ വകയിരുത്തുന്നു.
ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹ ധനസഹായ പദ്ധതിക്കായി 88 കോടി വകയിരുത്തി. പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന നഗറുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഡോ. അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് 55 കോടി രൂപ വകയിരുത്തി.
പട്ടികജാതി നഗറുകളിലേയും അതിന് വെളിയിൽ ചിതറിക്കിടക്കുന്ന പട്ടികജാതി കുടുംബങ്ങളുടേയും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകൾ പരിഹരിക്കുന്നതിനുളള പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിനായി 20 കോടി രൂപ വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.