കറങ്ങിയടിച്ച് കെ.എസ്.ആർ.ടി.സി നേടിയത് 15.80 ലക്ഷം

കണ്ണൂർ: വിനോദസഞ്ചാരികൾക്കൊപ്പം കറങ്ങിയടിച്ച് സെപ്റ്റംബറിൽ കെ.എസ്.ആർ.ടി.സി നേടിയത് 15.80 ലക്ഷം രൂപ. ആഭ്യന്തര ടൂറിസത്തിന് പുതുമാനം നൽകിയ കണ്ണൂർ കെ.എസ്.ആർ.ടി.സി സർവിസുകളോട് സഞ്ചാരികളും നല്ല സഹകരണമാണ് കാണിക്കുന്നത്.

ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്രകളിലൂടെയാണ് 15.80 ലക്ഷം ലഭിച്ചത്. സെപ്റ്റംബറിൽ 17 വിനോദ യാത്രകളാണ് കണ്ണൂരിൽനിന്നു പൂർത്തിയാക്കിയത്. വയനാട്ടിലേക്കും കൊച്ചിയിലെ ആഡംബരക്കപ്പലായ നെഫർറ്റിറ്റിയിലേക്കും നാല് തവണയും മൂന്നാർ, വാഗമൺ കുമരകം, പൈതൽമല എന്നിവിടങ്ങളിലേക്ക് മൂന്നുതവണ വീതവും കഴിഞ്ഞമാസം വിനോദയാത്ര പോയി.

750 സഞ്ചാരികളാണ് കഴിഞ്ഞമാസം ഇതിന്റെ ഭാഗമായത്. ചുരുങ്ങിയ ചെലവിൽ കേരളത്തിലെ ടൂറിസം പോയന്റുകളിലൂടെ വിനോദയാത്ര സാധ്യമായതോടെയാണ് കൂടുതൽ പേർ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചുതുടങ്ങിയത്.

ഒക്ടോബറിലെ ടൂർ പാക്കേജും പുറത്തിറക്കി. മൂന്നാർ, നെഫർറ്റിറ്റി ആഡംബര കപ്പൽ, വാഗമൺ-കുമരകം, വയനാട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് യാത്ര.

മൂന്നാറിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറുഞ്ഞി കാണാൻ അവസരം ലഭിക്കും. ഒക്ടോബർ 22ന് രാവിലെ പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് മൂന്നാർ പാക്കേജ്. നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രക്ക് ഒക്ടോബർ 23ന് രാവിലെ പുറപ്പെട്ട് 24ന് രാവിലെ തിരിച്ചെത്തും. ഒരാൾക്ക് 3850 രൂപയാണ് നൽകേണ്ടത്.

3900 രൂപക്കാണ് വാഗമൺ-കുമരകം ടൂർ പാക്കേജ്. 22ന് രാത്രി ഏഴിന് പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തും. വയനാട്ടിലെ തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് പൈതൃകഗ്രാമം, ലക്കിടി വ്യൂ പോയന്റ്, വാണി മ്യൂസിയം, പൂക്കോട് തടാകം എന്നിവിടങ്ങളിലേക്ക് നാലുനേരത്തെ ഭക്ഷണവും എൻട്രൻസ് ഫീയും ഉൾപ്പെടെ 1180 രൂപയാണ് ഈടാക്കുക.

പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്ക് ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും സ്നാക്സും എൻട്രൻസ് ഫീയും ഉൾപ്പെടെ 750 രൂപയാണ് നൽകേണ്ടത്.

കണ്ണൂർ ഡി.ടി.ഒ മനോജ്, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ സജിത്ത് സദാനന്ദൻ, ടൂർ കോഓഡിനേറ്റർ ഇൻസ്‌പെക്ടർ കെ.ജെ. റോയി, ഡിപ്പോ കോഓഡിനേറ്റർ കെ.ആർ. തൻസീർ, കമേഴ്സ്യൽ മാനേജർ എം. പ്രകാശൻ എന്നിവരാണ് കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്. ഫോൺ: 9496131288, 8089463675.

Tags:    
News Summary - 15.80 lakhs earned by KSRTC-tour packages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.