2009 ഡിസംബര്‍ 31ന് കരുനാഗപ്പള്ളിയില്‍ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടാങ്കര്‍ ലോറി (ഫയൽചിത്രം)
കരുനാഗപ്പള്ളി: പുത്തന്‍തെരുവ് ഗ്യാസ് ടാങ്കര്‍ ദുരന്തം നടന്നിട്ട് 13 വർഷം. 2009 ഡിസംബര്‍ 31ന് പുലര്‍ച്ചയാണ് കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തീരാവേദനകളുമായി ഇപ്പോഴും നിരവധിപേര്‍ ജീവിതം തള്ളിനീക്കുന്നു.തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഓച്ചിറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ച ടാങ്കർ ലോറി റോഡിനു കുറുകെ മറിഞ്ഞ് ക്യാബിനും ടാങ്കറും വേർപെട്ടു. പാചകവാതകം ചോർന്നുകൊണ്ടിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു.
രക്ഷാപ്രവർത്തനത്തിനെത്തിയ ചവറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് പൂർണമായും കത്തി. രക്ഷകരായി എത്തിയവർ ഉൾപ്പെടെ 12 പേർ മരിച്ചു. 21പേർക്ക് ഗുരുതര പരിക്കേറ്റു. നിരവധി കടകളും 50 ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അഗ്നിക്കിരയായി. പുത്തന്‍തെരുവ് ജങ്ഷനിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ദേശീയപാതയിൽ 10 മണിക്കൂർ ഗതാഗതം പൂർണമായും സ്തംഭിച്ചു. നാലു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു.നീണ്ട ആറര മണിക്കൂർ അക്ഷീണ പരിശ്രമത്തിനു ശേഷമാണ് തീയണച്ചത്. ഏകദേശം രണ്ടര ക്കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി.
കായംകുളം ഫയർസ്റ്റേഷനിലെ ഫയർമാൻ സമീർ, ചവറ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ചെറിയഴീക്കൽ ആലുംമൂട് വീട്ടിൽ സുനിൽ കുമാർ, കോൺസ്റ്റബിൾ ചവറ കോട്ടയ്ക്കകം വിളയ്ക്കാട്ട് വീട്ടിൽ പ്രദീപ് കുമാർ, പുത്തൻതെരുവ് വെസ്റ്റേൺ ഇന്ത്യ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരും അസം സ്വദേശികളുമായ ദശരഥദാസ്, ടിങ്കുദാസ്, ആനയടി സ്വദേശി തുളസീധരൻപിള്ള, ആയൂർ സ്വദേശി അഭിലാഷ്, കടത്തൂർ താഴെ കിഴക്കതിൽ നാസർ, കടത്തൂർ ബിൻഷാദ് മൻസിലിൽ ബിജു, ചിറ്റുമൂല സജീവ് മൻസിലിൽ റഷീദ്, കുലശേഖരപുരം പ്ലാവിള്ള പടീറ്റതിൽ അഷ്‌റഫ്, പുന്നക്കുളം വലിയത്തു വീട്ടിൽ അബ്ദുൽസമദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിടെ മരണത്തിന് കീഴടങ്ങിയത്.
കരുനാഗപ്പള്ളി ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ വി.സി. വിശ്വനാഥ്, കായംകുളം ഫയര്‍സ്‌റ്റേഷനിലെ വിനോദ്കുമാര്‍, പുത്തന്‍തെരുവ് സ്വദേശികളായ നിയാസ്, സിയാദ് എന്നിവര്‍ ഇപ്പോഴും ദുരന്തം നല്‍കിയ പാടുകളുമായി കഴിയുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാറും ഇന്ത്യൻ ഓയിൽ കോർപറേഷനും നഷ്ടപരിഹാരം നൽകി. സൂനാമി ദുരന്തത്തിനുശേഷം കരുനാഗപ്പള്ളിയിലുണ്ടായ മറ്റൊരു വലിയ ദുരന്തമായിരുന്നു ഗ്യാസ് ടാങ്കര്‍ അപകടം.
ദുരന്തത്തിന്‍റെ ബാക്കിപത്രമായി ദേശീയപാതക്കരികിൽ കാടുമൂടി കിടന്ന ഗ്യാസ് ടാങ്കര്‍ ലോറി ദേശീയപാത വികസനം തുടങ്ങിയ സമയത്താണ് എടുത്തുമാറ്റിയത്. ദുരന്തത്തിനുശേഷം അന്വേഷണം നടത്തി നാലുപേരെ പ്രതികളാക്കി കേസെടുത്തിരുന്നു. വാഹനത്തിന്റെ പഴക്കവും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക ഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.