13കാരിയുടെ മരണം: പൊലീസിന്​ പിടിവള്ളിയായി സനു മോഹന്‍റെ കൈയക്ഷരം

കാക്കനാട്: മുട്ടാർ പുഴയിൽ 13കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ്​ സനു മോഹനെ കണ്ടെത്താനുള്ള അന്വേഷണത്തിൽ പൊലീസിന് പിടിവള്ളിയായി കൈയക്ഷരം. തമിഴ്നാട്ടിൽ ഒളിച്ച് താമസിക്കുന്നുവെന്ന് പൊലീസ് കരുതുന്ന സനു ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ടെങ്കിൽ കൈയക്ഷരം വഴി ഇയാളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തി​െൻറ ശ്രമം. തെറ്റായ വിലാസവും നമ്പറുമാണ് ഹോട്ടലുകളിൽ നൽകുന്നതെങ്കിലും ഇതുവഴി കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.

അഥവാ കൈയക്ഷരം മാറ്റാൻ ശ്രമിച്ചാലും മൊബൈൽ നമ്പറിലെ ആറ്, ഒമ്പത് എന്നീ അക്ഷരങ്ങൾ വഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കൈയക്ഷരം എത്ര മാറ്റാൻ ശ്രമിച്ചാലും ഈ അക്ഷരങ്ങൾ എഴുതുമ്പോൾ ശരിയാകില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംശയാസ്പദമായ വിലാസങ്ങൾ ശേഖരിച്ച് അതിലെ കൈയക്ഷരത്തിൽ നിന്നും സനുവിനെ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.

ഇതിന് പുറമെ പൊലീസ് നിരീക്ഷണത്തിലുള്ള 90ഓളം നമ്പറുകളിൽ ഇയാൾ ഏതു വിധത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചാലും സൈബർ പൊലീസിന് വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, പെൺകുട്ടി താമസിച്ചിരുന്ന ഫ്ലാറ്റിലെ അയൽക്കാരെ പൊലീസ് വിളിച്ചുവരുത്തി വിവരം ശേഖരിച്ചു. കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റയുടെ നിർദേശപ്രകാരമാണ് ഇവരെ വിളിച്ചുവരുത്തിയത്. കഴിഞ്ഞ ദിവസവും അയൽക്കാരെ ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുള്ളവരെയാണ് ഞായറാഴ്ച വീണ്ടും വിളിച്ചത്.

കുട്ടിയുടെയോ അമ്മയുടെയോ സുഹൃത്തുക്കൾ, വിവരങ്ങൾ ലഭിക്കാൻ സാധ്യതയുള്ളവർ തുടങ്ങി നാല്​ പേരെയാണ് ഡി.സി.പി വരുത്തിയത്. നേരത്തേ കുട്ടിയുടെ മാതാവ് രമ്യയെയും ഡി.സി.പി ചോദ്യം ചെയ്തിരുന്നു. സനുവി​െൻറ സഹായിയെന്ന് കരുതുന്ന പാലക്കാട് ചിറ്റൂർ സ്വദേശിയെ കസ്​റ്റഡിയിൽ എടുത്തെങ്കിലും പൊലീസ് വിട്ടയച്ചു. കർശന ഉപാധികളോടെയാണ് ഇയാളെ വിട്ടയച്ചത്.

Tags:    
News Summary - 13-year-old girl's death: Sanu Mohan's handwriting seized by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.