മുട്ടം: വിൽപനക്ക് സൂക്ഷിച്ച 120 കിലോ ചന്ദനത്തടി വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. മുട്ടം ആൽപാറക്ക് സമീപം കല്ലേൽ വീട്ടിൽ ജനിമോൻ ചാക്കോയുടെ വീട്ടിൽനിന്നാണ് ചന്ദനത്തടികൾ പിടികൂടിയത്. വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശികളായ കുന്നേൽ ആന്‍റോ ആന്‍റണി (38), കുന്നേൽ കെ.എ. ആന്‍റണി (70), കരോട്ടുമുറിയിൽ ബിനു ഏലിയാസ് (44), മുട്ടം കല്ലേൽ ജനിമോൻ ചാക്കോ (39), കാളിയാർ തെക്കേപ്പറമ്പിൽ ബേബി സാം (81), മേച്ചാൽ സ്വദേശികളായ കുന്നത്ത് മറ്റത്തിൽ കെ.ജെ. സ്റ്റീഫൻ (36), ചെമ്പെട്ടിക്കൽ ഷൈജു ഷൈൻ എന്നിവരാണ് പിടിയിലായത്.
ഇടപാടുകാരും വിൽപനക്കാരും ഇടനിലക്കാരും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ചന്ദനത്തടി വാങ്ങാനെന്ന വ്യാജേന തിരുവനന്തപുരം വനം വകുപ്പ് ഇന്‍റലിജൻസും തൊടുപുഴ വിജിലൻസ് ൈഫ്ലയിങ് സ്ക്വാഡും സംയുക്തമായാണ് പിടികൂടിയത്. പിടികൂടിയ ചന്ദനത്തിന് വിപണിയിൽ 30 ലക്ഷത്തിലധികം രൂപ വിലവരുന്നതായി വനം വകുപ്പ് പറയുന്നു.
ചന്ദനത്തടികൾ ഒന്നിലധികം സ്ഥലങ്ങളിൽനിന്ന് ശേഖരിച്ചതായിരിക്കാമെന്നാണ് സൂചന. വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന മറയൂർ ചന്ദനം ഉൾപ്പെടെയുള്ളതായും സംശയിക്കുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. പ്രതികളെ മുട്ടം വനംവകുപ്പ് റേഞ്ച് ഓഫിസർക്ക് കൈമാറി.
ഫ്ലൈയിങ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.എൻ. സുരേഷ് കുമാർ, ഡി.എഫ്.ഒമാരായ ജോസഫ് ജോർജ്, അനിൽ, സുജിത്ത്, തൊടുപുഴ വനം വകുപ്പിലെ ഉദ്യോഗസ്ഥരായ അംജിത്ത് ശങ്കർ, അഖിൽ, പത്മകുമാർ, ഷെമിൽ, സോണി, രതീഷ് കുമാർ, എ.കെ. ശ്രീശോബ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. പിടിയിലായവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.