പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഞായറാഴ്ച വീണ്ടും സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിന്റെ കട്ടിളപ്പാളി, പ്രഭാമണ്ഡലം എന്നിവ അഴിച്ചു പരിശോധന നടത്താനാണ് സംഘം എത്തുന്നത്.
മിഥുനമാസ പൂജകൾക്കായി ഇന്ന് നട തുറന്ന ശേഷമാകും പരിശോധന. പരിശോധനക്ക് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യപ്പെട്ട് എസ്.ഐ.ടി ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. പരിശോധന തിങ്കളാഴ്ചയും തുടരാനാണ് സാധ്യത. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. ഇതിനായി അന്വേഷണ സംഘത്തിന് ഹൈകോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കാൻ മുമ്പ് അന്വേഷണ സംഘം ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇപ്പോൾ വിദഗ്ധരെ എത്തിച്ചാകും പരിശോധന. കഴിഞ്ഞ നവംബർ മുതൽ ഇതിനകം പലതവണ എസ്.ഐ.ടി സന്നിധാനത്ത് പരിശോധന നടത്തിയിട്ടുണ്ട്. പ്രതികൾ അഴിച്ചെടുത്ത ദ്വാരപാലക ശിൽപം, കട്ടിളപ്പാളി എന്നിവ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് സ്വർണം വേർതിരിച്ചെടുത്തെന്നാണ് കേസ്. കേസിൽ 12 പ്രതികളാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.