വി.ഡി. സതീശൻ

അനിശ്ചിതത്വത്തിന്‍റെ 11 നാൾ; ട്വിസ്റ്റുകളുടെ 72 മണിക്കൂർ, ഒടുവിൽ ടീം വി.ഡി റെഡി..

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് 11 നാൾ നീണ്ട അനിശ്ചിതത്വമായിരുന്നുവെങ്കിൽ രൂക്ഷമായ തർക്കങ്ങളും മാരത്തൺ ചർച്ചകളും അനുനയനീക്കങ്ങളുമായി 72 മണിക്കൂറിന്‍റെ മിന്നൽ വേഗതയിലാണ് 21 അംഗ മന്ത്രിസഭയിലേക്കുള്ള വഴിതെളിഞ്ഞത്. തുടക്കത്തിൽ ചടുലവും വിയോജിപ്പുകളുയർന്നതോടെ കല്ലുകടികളും ഉണ്ടായെങ്കിലും അപ്രതീക്ഷിത ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു ക്ലൈമാക്സ്.

‘ടീം യു.ഡി.എഫിലെ ടേം വ്യവസ്ഥ’ക്കെതിരെ മാണി.സി. കാപ്പൻ മുഖം കറുപ്പിച്ചതും സ്പീക്കർ പദവി ഏറ്റെടുക്കുന്നതിൽ കോൺഗ്രസിൽ പേരുയർന്നവരുടെ മുഖം തിരിക്കലും ഒപ്പം രണ്ടാം മന്ത്രിയില്ലാത്തതിൽ ജോസഫ് വിഭാഗം മുഖം വീർപ്പിച്ചതുമെല്ലാം അവസാന മണിക്കൂറുകൾക്ക് നാടകീയ പിരിമുറുക്കത്തിന്‍റെ പ്രതിഛായയേകി. ഇതെല്ലാം പരിഹരിച്ചാണ് വൈകിട്ട് 5.15 ഓടെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിസഭ പട്ടികയുമായി ലോക്ഭവനിലേക്ക് തിരിച്ചത്.

ജനവിധിക്ക് ശേഷം 11 ദിവസത്തോളം അക്ഷരാർഥത്തിൽ നിശ്ചലാവസ്ഥയിലായിരുന്ന കോൺഗ്രസ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയിലെ മുഖ്യമന്ത്രി തീരുമാനത്തോടെയാണ് താളവും ചലനവും തിരികെപ്പിടിച്ചത്. വ്യാഴാഴ്ച തന്നെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചേർന്നെങ്കിലും മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടത് വെള്ളിയാഴ്ച ചേർന്ന ഘടകകക്ഷി യോഗം മുതലാണ്.

പിന്നീട് തിരക്കിട്ട ചർച്ചകളുടെയും ഓട്ടപാച്ചിലുകളുടെയും രാപ്പകലുകൾക്കാണ് തലസ്ഥാനം സാക്ഷിയായത്. കോൺഗ്രസ് നേതൃയോഗങ്ങൾ മാത്രമല്ല, മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗവും തലസ്ഥാനത്തേക്ക്. ശനിയാഴ്ചയാകട്ടെ ഉഭയകക്ഷി ചർച്ചകളുടെ പരമ്പരകൾ. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനും കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.

മുഖ്യമന്ത്രി പരിഗണന ലഭിക്കാത്തതിൽ ഇടഞ്ഞ രമേശ് ചെന്നിത്തല, മന്ത്രിസഭയുടെ ഭാഗമാകുമോ എന്നതിലായിരുന്നു തുടക്കത്തിലെ ഉദ്വേഗങ്ങൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൂടി ചർച്ചകൾക്കും അനുനയത്തിനുമായി രംഗത്തിറങ്ങിയതോടെ ചെന്നിത്തലയുടെ വസതിയിലും കൂടിക്കാഴ്ചകളുടെ പരമ്പര. ഒടുവിൽ ആഭ്യന്തരമുറപ്പിച്ച് മന്ത്രിസഭാകാര്യത്തിൽ മനസ്സമ്മതമറിയിച്ചതോടെ പാർട്ടി ആകുലതകൾക്ക് പര്യവസാനമായി. ജില്ല പരിഗണനയും സാമുദായിക പ്രാതിനിധ്യവും അർഹതയും യോഗ്യതയുമെല്ലാം ഉറപ്പുവരുത്തി പേരുകളിലേക്കെത്തുക എന്നതായിരുന്നു കോൺഗ്രസിന് മുന്നിലെ അടുത്ത വെല്ലുവിളി.

ഐ.സി ബാലകൃഷ്ണനെ മുൻനിർത്തി പട്ടിക വർഗ്ഗവിഭാഗത്തിൽനിന്ന് മന്ത്രി വേണമെന്ന ചർച്ചകളാണ് ഒരു ഭാഗത്തുയർന്നതെങ്കിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഒമ്പത് പേർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും അതിൽ മൂന്നോ നാലോ പേരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നതായിരുന്നു ശിവഗിരി മഠത്തിന്‍റെ ആവശ്യം. മുസ്ലിം ലീഗിലാകട്ടെ ജില്ല പ്രാതിനിധ്യത്തിന് വേണ്ടി ശനിയാഴ്ച വെട്ടിയ പി.കെ ബഷീറിന്‍റെ പേര് ഞായറാഴ്ച ഉൾപ്പെടുത്തേണ്ടി വന്നു. ജില്ല പ്രാതിനിധ്യത്തിനപ്പുറം മറ്റ് കാര്യങ്ങൾകൂടി പരിഗണിച്ചാണ് ലീഗ് അഞ്ചംഗ പട്ടിക അന്തിമമാക്കിയത്.

Tags:    
News Summary - 11 days of uncertainty; 72 hours of twists, and finally, Team V.D. is ready...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.