തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കലടക്കം ലക്ഷ്യമിട്ട് വനാതിർത്തി പ്രദേശങ്ങളിലെ ആകാശ നിരീക്ഷണം വ്യാപിപ്പിക്കാനും അതിനായി 100 ഡ്രോൺ കാമറകൾകൂടി വാങ്ങാനും വനംവകുപ്പ്. സ്വന്തം നിലയിലും സ്വകാര്യ ഏജൻസികളുമായി കരാറുണ്ടാക്കിയും കണ്ണൂർ, മലപ്പുറം, ഇടുക്കി, വയനാട്, പാലക്കാട് അടക്കമുള്ള ജില്ലകളിൽ തുടരുന്ന ഡ്രോൺ നിരീക്ഷണം ഫലം കണ്ടുതുടങ്ങിയതോടെയാണ് 100 ഡ്രോൺ കാമറകൾ വാങ്ങാനുള്ള ടെൻഡർ നടപടികൾ വകുപ്പ് പൂർത്തീകരിച്ചത്.
സംസ്ഥാനത്തെ മുഴുവൻ ഫോറസ്റ്റ് ഡിവിഷനുകൾക്കും ആധുനിക ഡ്രോൺ കാമറകൾ നൽകുമെന്നും ‘കിഫ്ബി’യിൽ നിന്നനുവദിച്ച 35 കോടി രൂപയിൽ നിന്ന് തുക ചെലവഴിച്ചാണ് കാമറകൾ വാങ്ങുന്നതെന്നും വനം വകുപ്പ് ചീഫ് വൈൽഫ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
10 കോടിയോളം രൂപയാണ് ആധുനിക ഡ്രോണിനും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കുമായി ചെലവഴിക്കുന്നത്. തെർമൽ കാമറ സംവിധാനമുള്ളതിനാൽ രാത്രികാല നിരീക്ഷണവും സാധ്യമാകും. മാത്രമല്ല, ഒരു തവണ ചാർജ് ചെയ്താൽ ഒരുമണിക്കൂർ വരെ പറന്ന് ദൃശ്യം പകർത്താനും കഴിയും.
മൂന്നുമാസങ്ങൾക്കകം ഡ്രോണുകൾ ഫോറസ്റ്റ് ഡിവിഷനുകൾക്ക് ലഭ്യമാക്കും. ഇവയുടെ പറത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വനം ജീവനക്കാർക്ക് പരിശീലനം നൽകുകയും എല്ലാ ഡിവിഷനിലും ഡ്രോൺ സ്ക്വാഡുകൾ രൂപവത്കരിക്കുകയും ചെയ്യും. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെയാണ് നിരീക്ഷണം വ്യാപിപ്പിക്കുക. കടുവയും കാട്ടാനയും പുലിയുമെല്ലാം പതിവായി ഭീതി വിതക്കുന്ന പ്രദേശങ്ങളിൽ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.