കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ വായ്പ നല്‍കാന്‍ 100 കോടി

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് നബാര്‍ഡില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ 500 കോടി രൂപ ലഭ്യമാകാന്‍ സാദ്ധ്യത. മുംബൈ നബാര്‍ഡ് ആസ്ഥാനത്ത് ചെയര്‍മാന്‍ വി.കെ ഷാജിയുമായി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജി മോഹന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വായ്പാ സാധ്യത തെളിഞ്ഞത്.

ഇതിനു പുറമെ വിള വായ്പാ പദ്ധതിക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ വായ്പ നല്‍കാന്‍ 100 കോടി രൂപ അനുവദിക്കാമെന്നും നബാര്‍ഡ് ചെയര്‍മാന്‍ ഉറപ്പു നല്‍കിയതായി അഡ്വ. സി.കെ ഷാജിമോഹന്‍ അറിയിച്ചു.

കാര്‍ഷിക ഗ്രാമവികസന ബാങ്കിന് 500 കോടി രൂപ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനവും നബാര്‍ഡ് ചെയര്‍മാന് അഡ്വ. സി.കെ. ഷാജി മോഹന്‍ കൂടിക്കാഴ്ചയില്‍ കൈമാറി.

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അഡ്വ. സി.കെ ഷാജിമോഹന്‍ വിശദീകരിച്ചു. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിവിധോദ്ദേശ വായ്പകള്‍ നല്‍കുന്നതിന് വേണ്ടിയാണ് 500 കോടി രൂപയുടെ സഹായം അഭ്യർഥിച്ചത്. നിവേദനത്തില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിച്ച നബാര്‍ഡ് ചെയര്‍മാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ആവശ്യം അനുഭാവപൂർവെ പരിഗണിക്കാമെന്ന് ഉറപ്പു നല്‍കി.

തുടര്‍ നടപടികള്‍ കാലതാമസമില്ലാതെ കൈക്കൊള്ളുമെന്നും നബാര്‍ഡ് ചെയര്‍മാന്‍ വി.കെ. ഷാജി അറിയിച്ചു. മുംബൈയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദേശീയ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ.കെ രവീന്ദ്രനും പങ്കെടുത്തു.

News Summary - 100 crores to provide loans on Kisan credit card model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.