കളമശ്ശേരി: 100 കോടിയിലധികം രൂപ തട്ടിച്ച കേസിൽ അറ്റ്കോസ് സ്ഥാപന ഉടമകളെ അറസ്റ്റു ചെയ്തു. അഗ്രികൾചറൽ ടൂറിസം മേഖലയിൽ ലാഭം വാഗ്ദാനം ചെയ്ത് നൂറുകണക്കിന് പേരിൽനിന്ന് നിക്ഷേപം വാങ്ങി മുങ്ങിയ അറ്റ്കോസ് ഡയറക്ടർമാരായ തൃശൂർ എൽതുരുത്ത് ലാലൂർ റോഡിൽ പാറത്തല വീട്ടിൽ മുരളീധരൻ (62), മക്കളായ ആഷിക് (32), അഖിൽ (35) എന്നിവരെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്.
കളമശ്ശേരി പത്തടിപ്പാലം ആസ്ഥാനമായി പ്രവർത്തിച്ചുവന്ന അഗ്രി ടൂറിസം കോഓപറേറ്റിവ് സൊസൈറ്റി, മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റിവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരുന്നു. കേരളത്തിൽ 13 ഇടത്തും കോയമ്പത്തൂരിലും ശാഖയുണ്ട്. പണം തിരികെ നൽകാതെ വന്നപ്പോൾ 32 സ്റ്റേഷനുകളിലായി 54 കേസെടുത്തു.
കളമശ്ശേരിയിൽ 29 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ പ്രതികൾ ഒളിവിൽ പോയി. എ.സി.പി മനോജ് കുമാറിന്റെ മേൽനോട്ടത്തിൽ കളമശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ്, എസ്.ഐമാരായ സനീഷ്, അനിൽ കുമാർ തുടങ്ങി പ്രത്യേക അന്വേഷണ സംഘമാണ് തൃശ്ശൂർ അമല നഗറിലെ അപർട്മെന്റിൽ നിന്ന് ഇവരെ പിടികൂടിയത്.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്ത് കണ്ടെത്താനും നടപടി തുടങ്ങി. പത്തടിപ്പാലത്തെ ഓഫിസ് റെയ്ഡ് ചെയ്ത് രേഖകൾ പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.