കൊല്ലം: രാജ്യത്തെ 10 ഇ.എസ്.ഐ ആശുപത്രികൾ മെഡിക്കൽ കോളജുകളാക്കാൻ തീരുമാനിച്ചപ്പോൾ അതിൽ ഒന്നുപോലും കേരളത്തിനില്ല. കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളജാക്കാനുള്ള സാധ്യതകളെപ്പറ്റി ചർച്ച നടക്കുകയും ഇ.എസ്.ഐ കോർപറേഷൻ ഡയറക്ടർ ജനറൽ അശോക് കുമാർ സിങ് അടക്കം സ്ഥലം സന്ദർശിച്ച് വിലയിരുത്തൽ നടത്തുകയും ചെയ്തിട്ടും പരിഗണിക്കപ്പെട്ടില്ല. കൊട്ടാരക്കര എഴുകോണിലെ ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളജാക്കണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു.
മഹാരാഷ്ട്രയിലെ അന്ധേരി, ഡൽഹിയിലെ ബസായിദരാപൂർ, അസം ഗുവാഹതിയിലെ ബെൽത്തോള, മധ്യപ്രദേശിലെ ഇൻഡോർ, രാജസ്ഥാനിലെ ജയ്പൂർ, പഞ്ചാബിലെ ലുധിയാന, ഗുജറാത്ത് നരോദയിലെ ബാപുനഗർ, ഝാർഖണ്ഡിലെ റാഞ്ചി ഉത്തർപ്രദേശിൽ നോയിഡ, വാരണാസി എന്നിവിടങ്ങളിലടക്കം 10 പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നതിനാണ് ഇ.എസ്.ഐ കോർപറേഷൻ അംഗീകാരം നൽകിത്.
കേരളത്തിലെ ഇ.എസ്.ഐ ആശുപത്രികളിലേതെങ്കിലും മെഡിക്കൽ കോളജ് ആക്കണമെന്നത് നാളുകളായുള്ള ആവശ്യമാണ്. കൊല്ലം പാരിപ്പള്ളിയിലെ ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളജാക്കി മാറ്റിയെങ്കിലും അത് ഇ.എസ്.ഐ കോർപറേഷന് കീഴിലല്ല ഉള്ളത്. ഇത് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് മെഡിക്കൽ കോളജാക്കുകയായിരുന്നു. എട്ടുവർഷം മുമ്പ് മെഡിക്കൽ കോളജായ പാരിപ്പള്ളി ഇപ്പോഴും ശൈശവദശയിൽ തന്നെയാണ്.
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ 100 കിടക്കകളുള്ള ഇ.എസ്.ഐ ആശുപത്രി, ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ഡിസ്പെൻസറി, മഹാരാഷ്ട്രയിലെ പുണെയിൽ 350 കിടക്കകളുള്ള ഇ.എസ്.ഐ ആശുപത്രി, അസം ധുബ്രിയിൽ ഇ.എസ്.ഐ ഡിസ്പെൻസറിയും ബ്രാഞ്ച് ഓഫിസും, ബിഹാറിലെ മുസാഫർപൂരിൽ 100 കിടക്കകളുള്ള ഇ.എസ്.ഐ ആശുപത്രി എന്നിവ അടക്കം കഴിഞ്ഞ ഇ.എസ്.ഐ കോർപറേഷൻ യോഗത്തിലെടുത്ത തീരുമാനങ്ങളെല്ലാം തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെമാത്രം പരിഗണിച്ചുള്ളതായിരുന്നു. അതേസമയം സ്ഥലമില്ല എന്നതാണ് കേരളത്തിന് മെഡിക്കൽ കോളജ് ലഭിക്കുന്നതിന് ഇപ്പോൾ തടസ്സമായി നിൽക്കുന്നതെന്നും കഴിഞ്ഞ കോർപറേഷൻ യോഗത്തിൽ അതിൽ അംഗമായ താൻ ശക്തമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിനും മെഡിക്കൽ കോളജ് തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തുനിന്നും 2015ൽ ഇ.എസ്.ഐ കോർപറേഷൻ പിൻവാങ്ങിയത് മൂലമാണ് പാരിപ്പള്ളിയിലെ മെഡിക്കൽ കോളജ് സംസ്ഥാന സർക്കാറിന് ഏറ്റെടുക്കേണ്ടിവന്നത്. ആ നിയമം മാറ്റിയാണ് ഇപ്പോൾ പുതിയ മെഡിക്കൽ കോളജുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.