കോട്ടയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന ചിത്രങ്ങളാണ് വിവാദങ്ങൾക്ക് തിരിതെളിച്ചത്.
വെള്ളാപ്പള്ളി നടേശന്റെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും, അദ്ദേഹം മന്ത്രിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഔദ്യോഗിക പേജിലും അല്ലാതെയും നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ് മന്ത്രിയുടെ ഈ സന്ദർശനം എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വിദ്വേഷ പരാമർശങ്ങൾ നടത്തിയ വ്യക്തിയായി അറിയപ്പെടുന്ന വെള്ളാപ്പള്ളിയെ കൂടെനിർത്തിയതിനെതിരെ കൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതിയതെന്നും, ബിന്ദു കൃഷ്ണ അത് മറക്കരുതെന്നും ചിലർ ഓർമ്മിപ്പിക്കുന്നു.
തങ്ങളെ വിജയിപ്പിച്ച ജനങ്ങളെയും പാർട്ടിയുടെ രാഷ്ട്രീയത്തെയും പരിഹസിക്കുന്നതിന് തുല്യമാണ് ഈ സന്ദർശനമെന്നും, സമുദായ നേതാക്കളുടെ അനുഗ്രഹം തേടലല്ല ജനപ്രതിനിധികളുടെ കടമയെന്നും വിമർശകർ തുറന്നടിച്ചു.
മന്ത്രിസഭയുടെ ശോഭ കെടുത്തുന്ന നടപടിയാണിതെന്നും, വോട്ട് ചെയ്തവരെ നാണംകെടുത്തുന്ന പണിയാണിതെന്നും പലരും കുറിച്ചു. വർഗീയത പറയുന്നവരുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നതിനേക്കാൾ നല്ലത് രാജി വെക്കുന്നതാണെന്നും, ജനങ്ങൾ സ്വന്തം നിലക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചതാണെന്ന കാര്യം മറക്കരുതെന്നും മന്ത്രിയെ ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.