തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടർന്ന് തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അടിയന്തര ഇടപെടലിലൂടെ തുണയായി. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കല്ലട ബസ്, പുലർച്ചെ നാലരയോടെ ഈറോഡിന് സമീപം തകരാറിലായതിനെത്തുടർന്നാണ് യാത്രക്കാർ പെരുവഴിയിലായത്.
അപരിചിതമായ സ്ഥലത്ത് പുലർച്ചെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായ യാത്രക്കാരിൽ ഒരാളായ പാരിപ്പള്ളി സ്വദേശി സജീവനും കുടുംബവും ഉടൻ തന്നെ ആഭ്യന്തരമന്ത്രിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. സമയം പുലർച്ചെയാണെന്ന് പോലും നോക്കാതെ ഫോൺ കോളിനോട് പ്രതികരിച്ച മന്ത്രി, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉടനടി നടപടികൾ സ്വീകരിച്ചു.
കേരള പൊലീസിനെ ഉൾപ്പെടെ ഉപയോഗിച്ച് യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തിയ മന്ത്രി, അവർക്ക് ബെംഗളൂരുവിലേക്ക് യാത്ര തുടരുന്നതിനായി മറ്റൊരു ടൂറിസ്റ്റ് ബസും ഏർപ്പാടാക്കി നൽകി. കൃത്യസമയത്ത് ഇടപെട്ട് തങ്ങളുടെ യാത്ര സുഗമമാക്കിയ മന്ത്രിയുടെ നടപടിയിൽ യാത്രക്കാർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.