നവീൻ ബാബുവിന്റെ മരണം: 'തീരുമാനം ആശ്വാസകരം', സി.ബി.ഐ അന്വേഷണത്തിൽ പ്രതീക്ഷയെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ മരണം അന്വേഷണത്തിനായി സി.ബി.ഐക്ക് വിട്ട സംസ്ഥാന സർക്കാർ നടപടിയെ സ്വാ​ഗതം ചെയ്ത് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. തീരുമാനം ആശ്വാസകരമാണെന്നും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽകണ്ട് സംസാരിച്ചുവെന്നും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയിട്ടുള്ള മറുപടി ലഭിച്ചെങ്കിലും ഇത്ര വേഗം സി.ബി.ഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മഞ്ജുഷ പറഞ്ഞു.

കേസന്വേഷണം സി.ബി.ഐക്ക് വിട്ടതിൽ പ്രതീക്ഷയുണ്ട്. സി.ബി.ഐ അന്വേഷണം നല്ല രീതിയിൽ പോകുമെന്ന് മനസ്സിലാക്കുന്നു. നവീൻ ബാബുവിന്റെ മരണശേഷം ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണം ശരിയായ രീതിയിൽ പോകും എന്നായിരുന്നു കരുതിയിരുന്നതെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടതിനുശേഷം അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നത് എന്ന് മനസ്സിലായി. കഴിഞ്ഞ സർക്കാർ സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

അന്വേഷണം നല്ല രീതിയിൽ പോകുന്നുണ്ട് എന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പമ്പിന്റെ ഉടമ ആരാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. എല്ലാം പോരായ്മകളും കണ്ടെത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും നിഷ്പക്ഷമായ അന്വേഷണ നടത്തണമെന്നും അവർ പറഞ്ഞു.

അതേസമയം, യു.ഡി.എഫ് സർക്കാർ ഭരണത്തിൽ വന്നതിന് ശേഷം ആദ്യമായി സി.ബി.ഐക്ക് വിടുന്ന കേസാണ് എ.ഡി.എം നവീൻ ബാബുവിന്റെ മരണം. ഇതുസംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് നടപടി. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്‌തി പ്രകടിപ്പിച്ചുരുന്നു.

പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. ഇനി സി.ബി.ഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്. 13 സാക്ഷികളെ പുതുതായി ചേർത്ത് എ.ഡി.എം നവീൻ ബാബു കേസിൽ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹരജിയിലാണ് കണ്ണൂർ ടൗൺ പൊലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് നീട്ടാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി.

പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 16 നാണ് ഹർജിയിൽ പറഞ്ഞ നാല് കാര്യങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. 

Tags:    
News Summary - Naveen Babu's death: 'The decision is comforting', Naveen Babu's wife Manjusha says she is hopeful about the CBI investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.