കൊച്ചി: പ്രതിരോധകുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ്-5.0 യജ്ഞം നടപ്പാക്കുന്നു. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മിഷൻ ഇന്ദ്രധനുഷ് 5.0 ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ജില്ലാ വികസന കമ്മീഷണർ മാധവികുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. എതെങ്കിലും കാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാതെ പോയവർക്ക് വാക്സിൻ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധ്യമാകും. വാക്സിനേഷൻ കണക്കിൽ പിറകിൽ നിൽക്കുന്ന ജില്ലകൾക്ക് പ്രത്യേക ശ്രദ്ധനൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മീസിൽസ് (അഞ്ചാം പനി), റൂബല്ല എന്നിവയ്ക്ക് പദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകും.
മൂന്ന് ഘട്ടങ്ങളായാണ് ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പാക്കുന്നത്. ആഗസ്റ്റ് ഏഴു മുതൽ 12 വരെ ആദ്യഘട്ടവും സെപ്റ്റംബർ 11 മുതൽ 16 വരെ രണ്ടാം ഘട്ടവും ഒക്ടോബർ ഒമ്പത് മുതൽ 14 വരെ മൂന്നാം ഘട്ടവും നടക്കും.
വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ഇമ്യൂണൈസേഷൻ പൂർത്തീകരിക്കാൻ കഴിയും വിധം വീടുവീടാന്തരം സർവേ നടത്തുകയും ആരോഗ്യ ബോധവത്കരണം നൽകുകയും ചെയ്യും.
ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. കെ. കെ ആശ, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. സി രോഹിണി, എ.ഡി. എം.ഒ ഡോ. ആർ വിവേക് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.