ആരോഗ്യപ്രവര്‍ത്തകരുടെ ജീപ്പ്​ തോട്ടില്‍ കുടുങ്ങിയപ്പോൾ 

ആദിവാസി സങ്കേതത്തിലേക്ക് പോയ മെഡിക്കല്‍ സംഘം കുത്തിയൊഴുക്കിൽ കുടുങ്ങി; ടെസ്റ്റ്​ കിറ്റുകൾ സാഹസികമായി കരക്കെത്തിച്ചു

അടിമാലി: കുറത്തികുടി ആദിവാസി സങ്കേതത്തിലേക്ക് പോയ മൊബൈല്‍ മെഡിക്കല്‍ സംഘത്തി​െൻറ വാഹനം തോട്ടിലെ കുത്തൊഴുക്കില്‍ അകപ്പെട്ടു. വനിത ഡോക്ടര്‍ അടക്കം അഞ്ചംഗ സംഘം സാഹസികമായാണ്​ രക്ഷപെട്ടത്​. അടിമാലി താലൂക്കാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം താലൂക്ക് മൊബൈല്‍ മെഡിക്കല്‍ ഡിസ്‌പെന്‍സറി സംഘമാണ് കുറത്തികുടി ആദിവാസി സങ്കേതത്തോട് ചേര്‍ന്ന തോട്ടിലെ കുത്തൊഴുക്കില്‍ അകപ്പെട്ടത്. ജീവനക്കാരുടെ കരുതല്‍ മൂലം ആൻറിജന്‍ ടെസ്റ്റ് കിറ്റുകളും മരുന്നുകളും നഷ്ടപ്പെടാതെ മറുകരയില്‍ എത്തിക്കാനും മെഡിക്കല്‍ ക്യാമ്പ് പൂര്‍ത്തിയാക്കാനും സാധിച്ചു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.കോവിഡ് പടര്‍ന്ന് പിടിക്കുന്ന കുറത്തികുടിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി​െൻറ ഭാഗമായി പോയ രണ്ട് മെഡിക്കല്‍ സംഘത്തിലെ ഒരു ജീപ്പാണ് അപകടത്തില്‍ പെട്ടത്.10 മീറ്ററോളം വീതിയുളള തോട് മുറിച്ച് കടക്കുന്നതിനിടെ മദ്ധ്യഭാഗത്ത് എത്തിയപ്പോള്‍ തോട്ടില്‍ പെട്ടെന്ന് നീരോഴുക്ക് ഉയര്‍ന്നു. ഇതോടെ മെഡിക്കല്‍ സംഘം സഞ്ചരിച്ചിരുന്ന ജീപ്പി​െൻറ നിയന്ത്രണം നഷ്ടമായി ജീപ്പ് തോടിന് നടുക്ക് കുടുങ്ങി.

സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതോടൊപ്പം മരുന്നുകളും മറ്റും സംരക്ഷിക്കേണ്ട ബാധ്യതകൂടി ഇതോടെ സംഘത്തിനുണ്ടായി. തോട്ടില്‍ വെളളം വീണ്ടും ഉയര്‍ന്നു തുടങ്ങി. ഇതോടെ വനിത ഡോക്ടറും സംഘവും അരക്കൊപ്പം താഴ്ചയുളള കുത്തി ഒഴുകുന്ന വെളളത്തിലേക്ക് ഇറങ്ങി മരുന്നുകള്‍ സുരക്ഷിതമായി മറുകരയില്‍ എത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് രണ്ടാമത്തെ മെഡിക്കല്‍ സംഘം ഇവിടെ എത്തിയത്.

തുടര്‍ന്ന് ആദിവാസികളുടെ സഹായത്തോടെ വടം ഉപയോഗിച്ച് ജീപ്പ് മറുകരയിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.നേഹ ഗ്രേസ് റോയി, സ്റ്റാഫ് നെഴ്‌സ് പി.ഇ.ഷൈനി, ഫാര്‍മസിസിസ്റ്റ് അബിളി രാജു, നേഴ്‌സിംഗ് അസിസ്റ്റന്റ് എ.പി.റഹിം, ഡ്രൈവര്‍ ദിലീപ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

തോട്ടില്‍ കുടുങ്ങിയ ജീപ്പില്‍ നിന്നും ടെസ്റ്റ് കിറ്റുകളും മരുന്നും ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷിതമായി മാറ്റുന്നു

 വ്യാഴാഴ്ച രാവിലെ അടിമാലിയില്‍ നിന്ന് പുറപ്പെട്ട സംഘം മച്ചിപ്ലാവ്, പീച്ചാട് വഴി മാങ്കുളത്ത് എത്തിയതിന് ശേഷമാണ് അവികസിത ആദിവാസി സങ്കേതമായ കുറത്തികുടിയിലേക്ക് പുറപ്പെട്ടത്. റിസര്‍വ്വ് വനത്തിലൂടെ സാഹസികമായി വേണം കുറത്തികുടി ആദിവാസി സങ്കേതത്തിലെത്താന്‍.

വ്യാഴാഴ്ച നടന്ന ആൻറിജന്‍ പരിശോധനയില്‍ 26 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഇതോടെ കുറത്തികുടി ആദിവാസി സങ്കേതത്തില്‍ മൊത്തം 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 11 ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവിടെ കോവിഡ് പടരുന്നത്  കണ്ടെത്തിയത്.

തോട്ടില്‍ കുടുങ്ങിയ ജീപ്പില്‍ നിന്നും ടെസ്റ്റ് കിറ്റുകളും മരുന്നും ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷിതമായി മാറ്റുന്നു.

അടിമാലി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട കുറത്തികുടിയില്‍ 219 വീടുകളിലായി 839 പേരാണ് വനമവധ്യത്തിലെ ഈ ആദിവാസി സങ്കേതത്തില്‍ താമസിക്കുന്നത്. ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറ കീഴില്‍ വരുന്ന ഇവിടെ മെയ് 11 ന് ശേഷം 4 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി.

കോവിഡ് സ്ഥിരികരിച്ച സ്ത്രീകളെ വല്ലായ്മ പുരയിലും പുരുഷന്‍മാരെ എം.ജി.എല്‍.സി സ്‌കൂളിലും താമസിപ്പിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ കോവിഡ് പ്രതിരോധം നടത്തുന്നത്. ഗുരുതര രോഗമുളള 5 പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സി.എസ്.ഐ ചര്‍ച്ചില്‍ സാമുഹിക അടുക്കളയും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കുറത്തികുടി,കാട്ടുകുടി എന്നിവിടങ്ങളിലായി 8 ക്യാമ്പുകളും നടത്തി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.